സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തുടരുന്നത്. നിലവില്‍ 13 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 19 പോയിന്റാണ് ടീമിനുള്ളത്.
സീസണില്‍ ഇതുവരെ പ്ലേ ഓഫില്‍ പ്രവേശിച്ച ഏക ടീമും നൈറ്റ് റൈഡേഴ്‌സാണ്. മറ്റുള്ള ടീമുകള്‍ ആദ്യ നാലില്‍ സ്ഥാനം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ക്വാളിഫയര്‍ ഒന്നില്‍ സ്ഥാനമുറപ്പിച്ചാണ് കൊല്‍ക്കത്ത കയ്യടി നേടുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാനും കൊല്‍ക്കത്തക്കായി.
ഇപ്പോള്‍ കൊല്‍ക്കത്തയുടെ വിജയത്തിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു. ടീമിന്റെ മെന്ററായ ഗൗതം ഗംഭീറിനാണ് താരം വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത്.
‘ഗൗതം ഗംഭീര്‍ അവരെ സഹായിക്കുകയും ശരിയായ രീതിയില്‍ അവരെ നയിക്കുകയുമാണ്. ഇത് അങ്ങനെ തുടര്‍ന്നാല്‍ മാത്രം മതി. അവര്‍ക്ക് മികച്ച രീതിയില്‍ മുമ്പോട്ട് പോകാം,’ റായിഡു പറഞ്ഞു.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാണ് കൊല്‍ക്കത്ത ഒരുങ്ങുന്നത്.
മെയ് 19നാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content highlight: IPL 2024: Ambati Rayudu praises Gautam Gambhir for KKR’s success