ഐ.പി.എല്‍ ലീഗ് ഘട്ട മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ച് പ്ലേ ഓഫ് യോഗ്യത നേടിയതിന് പിന്നാലെ ബെംഗളൂരുവിനെയും വിരാട് കോഹ്‌ലിയെയും വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ അംബാട്ടി റായിഡു.
റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ചെന്നൈയുടെ അഞ്ച് കിരീടങ്ങളില്‍ ഒന്ന് റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കണമെന്നും അത് വെച്ച് അവര്‍ ആഘോഷിക്കട്ടെ എന്നടക്കം റായിഡു പറഞ്ഞിരുന്നു.
താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിരാട് കോഹ്‌ലിയെ പേരെടുത്ത് പറയാതെ താരത്തെ ലക്ഷ്യമിട്ടുള്ള പോസ്റ്റാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം പങ്കുവെച്ചത്.
ഇത്രയും കാലം റോയല്‍ ചലഞ്ചേഴ്‌സിന് കിരീടം നേടാന്‍ സാധിക്കാതെ പോയതിന് കാരണം വിരാട് കോഹ്‌ലിയാണെന്ന തരത്തിലാണ് റായിഡുവിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ഇക്കാലമത്രയും ആര്‍.സി.ബിയുടെ കൂടെ നിന്ന ആരാധകര്‍ക്കൊപ്പമാണെന്ന് താനെന്നും റായിഡു പറഞ്ഞു.
‘ഇക്കാലമത്രയും ആര്‍.സി.ബിയെ ചേര്‍ത്തുപിടിച്ച ആരാധകര്‍ക്കൊപ്പമാണ് എന്റെ ഹൃദയം നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ കാര്യത്തില്‍ മാനേജ്‌മെന്റിനും ടീം ലീഡര്‍മാര്‍ക്കും താത്പര്യമുണ്ടായിരുന്നെങ്കില്‍… റോയല്‍ ചലഞ്ചേഴ്‌സ് ഇതിനോടകം തന്നെ ഒന്നിലധികം കിരീടങ്ങള്‍ നേടുമായിരുന്നു.
എത്ര മികച്ച കളിക്കാരെയാണ് ടീം പുറത്താക്കിയതെന്ന് ആലോചിക്കുക. ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ മാനേജ്‌മെന്റിനെ നിര്‍ബന്ധിക്കുക. വരാനിരിക്കുന്ന മെഗാലേലത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കട്ടെ,’ റായിഡു എക്‌സില്‍ കുറിച്ചു.
My heart truly goes out to all the rcb supporters who have passionately supported the team over the years. If only the management and the leaders had the teams interests ahead of individual milestones .. rcb would have won multiple titles. Just remember how many fantastic players…
താരത്തിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
2019 ലോകകപ്പ് സ്‌ക്വാഡില്‍ അംബാട്ടി റായിഡുവിനെ ഉള്‍പ്പെടുത്താതിരുന്ന വിരാടിന്റെ തീരുമാനം എന്തുകൊണ്ടും ശരിയായിരുന്നുവെന്നും വെറും 61 അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചവന് 80 അന്താരാഷ്ട്ര സെഞ്ച്വറിയുള്ള വിരാടിനോടുള്ള അസൂയയാണ് ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.