| Sunday, 19th May 2024, 9:03 pm

ചെന്നൈയുടെ അഞ്ച് കിരീടത്തില്‍ ഒന്ന് ബെംഗളൂരുവിന് നല്‍കണം; പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ മുന്‍ ചെന്നൈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024നെ തന്നെ ഡിഫൈന്‍ ചെയ്ത മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊമ്പുകോര്‍ത്തപ്പോള്‍ അവസാന ചിരി പ്ലേ ബോള്‍ഡ് ആര്‍മിക്കൊപ്പം നിന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, വിരാട് കോഹ്‌ലി, രജത് പാടിദാര്‍, കാമറൂണ്‍ഡ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മത്സത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും 201 റണ്‍സ് നേടിയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ചെന്നൈ 191ന് ഏഴ് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

ഈ തോല്‍വിയില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഏറെ നിരാശയിലായിരുന്നു. സി.എസ്.കെയുടെ തോല്‍വിയില്‍ പൊട്ടിക്കരയുന്ന മുന്‍ താരം അംബാട്ടി റായിഡുവിന്റെ വീഡിയോയും വൈറലായിരുന്നു.

ടൂര്‍ണമെന്റില്‍ നിന്നും പുറത്താകലിന്റെ വക്കില്‍ നിന്നുമാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിലെത്തിയത്. ഈ തിരിച്ചുവരവ് താരങ്ങളും ആരാധകരും ഒരുപോലെ ആഘോഷമാക്കിയിരുന്നു. ബെംഗളൂരുവിന്റെ തെരുവുകള്‍ കഴിഞ്ഞ രാത്രിയില്‍ ആര്‍.സി.ബി ആരാധകര്‍ കയ്യടക്കുകയായിരുന്നു.

മത്സരശേഷം റോയല്‍ ചലഞ്ചേഴ്‌സിനെ പരിഹസിക്കുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ താരം അംബാട്ടി റായിഡു. ചെന്നൈയുടെ അഞ്ച് കിരീടങ്ങളില്‍ ഒന്ന് റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു റായിഡുവിന്റെ പരാമര്‍ശം.

‘ഐ.പി.എല്‍ കിരീടം നേടിയതുപോലെയാണ് അവര്‍ ആഘോഷിച്ചത്. ആര്‍.സി.ബി ഐ.പി.എല്‍ വിജയിക്കണം. ബെംഗളൂരുവിന്റെ തെരുവോരങ്ങളിലെ ആവേശം നമ്മള്‍ കണ്ടതല്ലേ. ശരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ കിരീടങ്ങളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കണം. അങ്ങനെയെങ്കില്‍ അതുമായി അവര്‍ക്ക് ആഘോഷമായി നടക്കാമല്ലോ,’ എന്നായിരുന്നു റായിഡു പറഞ്ഞത്.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ റായിഡുവിനുള്ള മറുപടിയും നല്‍കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചു എന്ന വസ്തുത ഇനിയും റായിഡുവിന് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നായിരുന്നു ആരോണിന്റെ മറുപടി.

മെയ് 21നാണ് ആദ്യ ക്വാളിഫയര്‍ മത്സരം അരങ്ങേറുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരെ നേരിടും. ഇതില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.

22നാണ് എലിമിനേറ്റര്‍ മത്സരം. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ആര്‍.സി.ബി മൂന്നാം സ്ഥാനത്തുള്ള ടീമിനെയാണ് എലിമിനേറ്ററില്‍ നേരിടുക. ഇതില്‍ പരാജയപ്പെടുന്ന ടീം പുറത്താവുകയും ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ പരാജപ്പെട്ട ടീമിനെ നേരിടുകയും ചെയ്യും. ഇതില്‍ വിജയിക്കുന്ന ടീമാകും ഫൈനലിന് യോഗ്യത നേടുക. മെയ് 26നാണ് കലാശപ്പോരാട്ടം.

Content highlight: IPL 2024: Ambati Rayudu about RCB’s playoff qualification

We use cookies to give you the best possible experience. Learn more