ഐ.പി.എല്‍ 2024ന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്കും 2023 ലോക കിരീടത്തിലേക്കുമെത്തിച്ച പാറ്റ് കമ്മിന്‍സാണ് ഓറഞ്ച് ആര്‍മിയെ നയിക്കുന്നത്.
മഞ്ഞക്കുപ്പായക്കാരെ കിരീടത്തിലേക്കെത്തിച്ച മികവ് ഹൈദരാബാദിനൊപ്പവും പുലര്‍ത്താന്‍ സാധിച്ചാല്‍ 2016ന് ശേഷം ഓറഞ്ച് ആര്‍മി വീണ്ടും കിരീടം ചൂടും.
2016ല്‍ മറ്റൊരു ഓസ്‌ട്രേലിയന്‍ നായകന് കീഴിലാണ് സണ്‍റൈസേഴ്‌സ് ആദ്യമായി കിരീടമുയര്‍ത്തിയത്. പ്രൈം വിരാടിന്റെ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ച് ഓറഞ്ച് ആര്‍മി കിരീടമുയര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറായിരുന്നു സണ്‍റൈസേഴ്‌സിനെ നയിച്ചത്.
സണ്‍റൈസേഴ്‌സും തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ അങ്കത്തട്ട് ഒരുങ്ങിയിരിക്കുകയാണ്.
ആകെയുള്ള പത്ത് ടീമുകളില്‍ എട്ടിനെയും ഇന്ത്യന്‍ താരങ്ങളാണ് നയിക്കുന്നത്. സണ്‍റൈസേഴ്‌സിന് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് നോണ്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി കിരീടം നേടാനൊരുങ്ങിയെത്തുന്നത്. ഫാഫ് ഡു പ്ലെസിയാണ് ടീം പ്ലേ ബോള്‍ഡിന്റെ നായകന്‍.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതടക്കം മൂന്ന് ക്യാപ്റ്റന്‍മാര്‍ വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയാണ്. ധോണിക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കപ്പിത്താന്‍ റിഷബ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
IPL 2023 ക്യാപ്റ്റന്‍മാർ
ഐ.പി.എല്ലില്‍ ഇതാദ്യമായി ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നവനും ഐ.പി.എല്‍ 2024ലുണ്ട്. ഹര്‍ദിക് പാണ്ഡ്യ കളം മാറ്റി ചവിട്ടിയതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇക്കൂട്ടത്തിലെ കന്നിക്കാരന്‍.
മാര്‍ച്ച് 22നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. റെയ്‌നിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.
സീസണിലെ ആദ്യ രണ്ട് ആഴ്ചത്തെ ഫിക്സചറുകളാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനനുസരിച്ചായിരിക്കും മറ്റ് മത്സരക്രമങ്ങള്‍ പുറത്തുവിടുക.
ഈ രണ്ടാഴ്ചയില്‍ പത്ത് നഗരങ്ങളിലായി 21 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ ടീമിനും ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളും പരമാവധി അഞ്ച് മത്സരങ്ങളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഫിക്‌സ്ചര്‍ പ്രകാരം കളിക്കേണ്ടി വരിക.
ഐ.പി.എല്‍ 2024ന്റെ ആദ്യ രണ്ടാഴ്ചത്തെ ഫിക്‌സ്ചറുകള്‍ക്ക് ഇവിടെ ക്ലിക്ചെയ്യുക.