പല പ്രധാന താരങ്ങളെയും വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത മുംബൈ ഇന്ത്യന്‍സിന്റെ സ്ട്രാറ്റജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
രാജസ്ഥാനെതിരെ ജയ്പൂരിലെ സവായ് മാന്‍സിങ് സറ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ആകാശ് ചോപ്ര സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചത്.
മുഹമ്മദ് നബിയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതിനെതിരെയാണ് ചോപ്ര തുറന്നടിച്ചത്. മുംബൈ ഇന്ത്യന്‍ ഒമ്പത് താരങ്ങളുമായാണ് കളിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഒമ്പത് താരങ്ങളെ മാത്രം കളിപ്പിക്കാനുള്ള അവരുടെ തീരുമാനത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും എനിക്ക് ഒന്നും മനസിലാകുന്നില്ല. മുഹമ്മദ് നബിയെ അവര്‍ ബാറ്റിങ്ങിലോ ബൗളിങ്ങിലോ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല.
എട്ട്, ഒമ്പത് സ്ഥാനങ്ങിളില്‍ നിന്നും സ്ഥാനക്കയറ്റം നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ബൗളിങ്ങിന്റെ കാര്യത്തിലും സ്ഥിതി അതുതന്നെ. മുഹമ്മദ് നബിയുടെ കഴിവുകളില്‍ വേണ്ടത്ര വിശ്വാസമില്ല എന്നതിന്റെ തെളിവാണിത്,’ ചോപ്ര പറഞ്ഞു.
ബൗളിങ്ങില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ മോശം പ്രകടനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘റൊമാരിയോ ഷെപ്പേര്‍ഡിന് താളം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റ് ബൗളര്‍മാരെ പരീക്ഷിക്കുക. അവന്റെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും നിരാശാജനകമാണ്.
ഒരു ഓള്‍ റൗണ്ടര്‍ എന്നതിന് പകരം ഒരു ബാറ്റര്‍ എന്ന രീതിയിലാണ് ഷെപ്പേര്‍ഡിനെ നിങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ടീമിന്റെ ബാലന്‍സിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ബുംറയൊഴികെയുള്ള എല്ലാ ബൗളര്‍മാരും തീര്‍ത്തും പരാജയപ്പെട്ടിരുന്നു. ടീമിനെ ശക്തമാക്കണമെങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ഇതുവരെ കളിച്ച ആറ് മത്സരത്തില്‍ നാല് മത്സരത്തില്‍ മാത്രമാണ് മുംബൈ നായകന്‍ നബിയെ പന്തേല്‍പിച്ചത്. ഈ നാല് മത്സരത്തില്‍ നിന്നും താരം എറിഞ്ഞതാകട്ടെ വെറും ആറ് ഓവറും.
അതേസമയം, മോശം പ്രകടനം തുടരുന്ന ഷെപ്പേര്‍ഡിനെ ഹര്‍ദിക് വീണ്ടും വീണ്ടും പന്തേല്‍പിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. പത്ത് ഓവര്‍ മാത്രമാണ് ഷെപ്പേര്‍ഡ് എറിഞ്ഞതെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല.
രാജസ്ഥാനെതിരായ മത്സരത്തില്‍ ഇതുവരെയുള്ള പ്ലാനിങ്ങുകള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ മുംബൈക്ക് വിജയം സ്വന്തമാക്കാന്‍ സാധിക്കൂ.
Content Highlight: IPL 2024: Akash Chopra criticizes Mumbai Indians’ strategy in this season