IPL 2024
മുംബൈയുടെ രക്ഷകനെത്തുന്നു; സൂര്യകുമാറിന്റെ തിരിച്ചുവരവ് ഇതാ... ഞായറാഴ്ച വാംഖഡെയില്‍ തീ പാറും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 03, 02:44 pm
Wednesday, 3rd April 2024, 8:14 pm

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ദൈവത്തിന്റെ പോരാളികള്‍. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. സീസണില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത ഏക ടീമും മുംബൈ മാത്രമാണ്.

ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് മുംബൈ സീസണ്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഹര്‍ദിക്കിനെയും സംഘത്തെയും തല്ലിയൊതുക്കി.

വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനോടായിരുന്നു മുംബൈയുടെ തോല്‍വി. ബൗളിങ്ങില്‍ യൂസ്വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടും എതിരാളികളുടെ തലകള്‍ ഒന്നൊന്നായി അരിഞ്ഞിട്ടപ്പോള്‍ ബാറ്റിങ്ങില്‍ റിയാന്‍ പരാഗും അഴിഞ്ഞാടി.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അഭാവം മുംബൈ ഇന്ത്യന്‍സിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയായിരുന്ന സൂര്യക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൂര്യ പൂര്‍ണ ആരോഗ്യവാനായെങ്കില്‍ മാത്രമേ ബി.സി.സി.ഐ താരത്തെ മുംബൈക്കായി കളത്തിലിറങ്ങാന്‍ അനുവദിക്കൂ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലിന് തൊട്ടുപിന്നാലെ ടി-20 ലോകകപ്പുമെത്തുന്നതിനാല്‍ സൂര്യയെ പൂര്‍ണ ആരോഗ്യവാനാക്കി നിര്‍ത്തേണ്ടത് അനിവാര്യവുമാണ്.

ഇപ്പോള്‍ സൂര്യകുമാര്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫിറ്റ്‌നെസ് ടെസ്റ്റിന് പിന്നാലെ എന്‍.സി.എ താരത്തിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നാണ് ക്രിക് ട്രാക്കറും വണ്‍ ക്രിക്കറ്റും അടക്കമുള്ള കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ആരാധക കൂട്ടവും സൂര്യയുടെ തിരിച്ചുവരവിനെ ആഘോഷമാക്കാനൊരുങ്ങുകയാണ്.

 

ഞായറാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

സൂര്യയുടെ മടങ്ങി വരവിന് പിന്നാലെ മുംബൈ തങ്ങളുടെ ലൂസിങ് സ്ട്രീക് അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: IPL 2024: According to reports, Suryakumar Yadav will be back in the Mumbai Indians-Delhi Capitals match on Sunday.