ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരവും വിജയിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിനിറങ്ങുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ഓറഞ്ച് ആര്‍മി പ്ലേ ഓഫിന് മുമ്പ് തന്നെ മൊമെന്റം സ്വന്തമാക്കിയത്.
സ്വന്തം തട്ടകമായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഹോം ടീം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
യുവതാരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, രാഹുല്‍ ത്രിപാഠി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്.
28 പന്തില്‍ 66 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറികളും ആറ് പടുകൂറ്റന്‍ സിക്‌സറുകളും അടക്കം 235.71 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
For his delightful opening act, Abhishek Sharma bags the Player of the Match award 🏆
പഞ്ചാബിനെതിരെ ആറ് സിക്‌സറുകള്‍ പറത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. നിലവില്‍ 41 സിക്‌സറാണ് താരം 13 മത്സരത്തില്‍ നിന്നും അടിച്ചുകൂട്ടിയത്.
🎥 Relief for Punjab kings as they get the danger man!
Abhishek Sharma goes back after scoring a thrilling 66 off just 28 balls 👏
2016ല്‍ വിരാട് നേടിയ 38 സിക്‌സറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
എന്നാല്‍ ഈ റെക്കോഡ് വീണ്ടും തന്റെ പേരിലാക്കാനും ഈ സീസണില്‍ വിരാടിന് അവസരമുണ്ട്. സീസണില്‍ ഇതുവരെ 37 സിക്‌സറുകള്‍ സ്വന്തമാക്കിയ വിരാടിന് ആഞ്ഞുപിടിച്ചാല്‍ റെക്കോഡ് നേട്ടത്തില്‍ വീണ്ടും തന്റെ പേരെഴുതിച്ചേര്‍ക്കാം.
അതേസമയം, പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ഹൈദരാബാദിനായി. രാജസ്ഥാനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിവിട്ടാണ് ഹൈദരാബാദ് മുന്നേറിയത്.
ഇന്ന് ഷെഡ്യൂള്‍ ചെയ്യപ്പെട്ട രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സിന് ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ സാധിക്കും.
ഒരുപക്ഷേ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാലും അത് രാജസ്ഥാന് തിരിച്ചടിയാകും. ഹൈദരാബാദിന്റെ മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇവിടെ സഞ്ജുവിനും സംഘത്തിനും വില്ലനാകുന്നത്.
രാജസ്ഥാന്‍ – കൊല്‍ക്കത്ത മത്സരത്തിന്റെ ടോസ് മഴമൂലം നീണ്ടിരിക്കുകയാണ്. ഗുവാഹത്തിയില്‍ മഴ തുടരുകയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.