| Sunday, 19th May 2024, 9:39 pm

വിരാട് മാത്രമല്ല, സഞ്ജു കാത്തുവെച്ച ബ്രഹ്‌മാസ്ത്രവും വീണു; ഹൈദരാബാദിന്റെ മണ്ണില്‍ മൂന്നാം കിരീടം ഇവനെത്തിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും സമഗ്രാധിപത്യം പുലര്‍ത്തിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിനിറങ്ങുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാണ് ഓറഞ്ച് ആര്‍മി പ്ലേ ഓഫിന് മുമ്പ് തന്നെ മൊമെന്റം സ്വന്തമാക്കിയത്.

സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഹോം ടീം വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

യുവതാരം അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, രാഹുല്‍ ത്രിപാഠി എന്നിവരുടെ മികച്ച പ്രകടനവുമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്.

ക്ലാസന്‍ 26 പന്തില്‍ 42 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 25 പന്തില്‍ 37 റണ്‍സും ത്രിപാഠി 18 പന്തില്‍ 33 റണ്‍സും സ്വന്തമാക്കി.

28 പന്തില്‍ 66 റണ്‍സാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിത്. അഞ്ച് ബൗണ്ടറികളും ആറ് പടുകൂറ്റന്‍ സിക്സറുകളും അടക്കം 235.71 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു സണ്‍റൈസേഴ്‌സ് ഓപ്പണറുടെ അഴിഞ്ഞാട്ടം.

പഞ്ചാബിനെതിരെ ആറ് സിക്സറുകള്‍ പറത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കി. ഏതെങ്കിലുമൊരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ അസം താരം റിയാന്‍ പരാഗിന്റെ റെക്കോഡാണ് താരം തകര്‍ത്തെറിഞ്ഞത്.

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാഗ് അടിച്ചുകൂട്ടിയ 40 സിക്‌സറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഒരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്‌സര്‍ – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 41* – ഐ.പി.എല്‍ 2024

റിയാന്‍ പരാഗ് – 40 – SMAT 2024

അഭിഷേക് ശര്‍മ – 39 – SMAT 2024

വിരാട് കോഹ്‌ലി – 38 – ഐ.പി.എല്‍ 2016

ഇതിന് പുറമെ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെ 38 സിക്‌സറിന്റെ റെക്കോഡാണ് താരം മറികടന്നത്.

അതേസമയം, പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഹൈദരാബാദിനായി. രാജസ്ഥാനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ഹൈദരാബാദ് മുന്നേറിയത്.

ഇന്ന് ഷെഡ്യൂള്‍ ചെയ്യപ്പെട്ട രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്സിന് രണ്ടാം സ്ഥാനം നിലനിര്‍ത്താനും ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ സാധിക്കും.

ഒരുപക്ഷേ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാലും അത് രാജസ്ഥാന് തിരിച്ചടിയാകും. ഹൈദരാബാദിന്റെ മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇവിടെ സഞ്ജുവിനും സംഘത്തിനും വില്ലനാകുന്നത്.

Content Highlight: IPL 2024: Abhishek Sharma surpassed Riyan Parag

We use cookies to give you the best possible experience. Learn more