|

IPL 2024: ഇവരിലൊരാള്‍ ഷമിയുടെ പകരക്കാരന്‍? കൂടെയുള്ളത് മൂന്ന് തകര്‍പ്പന്‍ ഓപ്ഷനുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്കിന് പിന്നാലെ താരം ഇത്തവണത്തെ ഐ.പി.എല്‍ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. 2023 ലോകകപ്പിനിടെ കാലിനേറ്റ പരിക്കിന് പിന്നാലെ താരത്തിന് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനവും ഐ.പി.എല്ലും നഷ്ടമായിരിക്കുകയാണ്.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെ താരം മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷമി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമല്ലാതായതോടെ പകരമാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡില്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനാകാന്‍ കഴിയുന്ന മൂന്ന് താരങ്ങളെ പരിശോധിക്കാം.

കമലേഷ് നാഗര്‍കോട്ടി

2018ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലുനുമൊപ്പം ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് കമലേഷ് നാഗര്‍കോട്ടിയുടേത്. എന്നാല്‍ പരിക്കുകള്‍ വില്ലനായപ്പോള്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനോ ടീമുകളില്‍ സ്ഥിരം സാന്നിധ്യമാകാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

പേസും സ്വിങ്ങുമാണ് നാഗര്‍കോട്ടിയുടെ പ്രധാന ആയുധങ്ങള്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ദല്‍ഹി ക്യാപ്പിറ്റല്‍സിനുമൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കരിയറിലെ 25 ടി-20 മത്സരത്തില്‍ നിന്നും 19 വിക്കറ്റ് വീഴ്ത്തി ടി-20 പ്രൊഡക്ടാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വരും സീസണില്‍ ഷമിക്ക് പകരക്കാരനാകാന്‍ പോന്ന ഓപ്ഷന്‍ തന്നെയാണ് നാഗര്‍കോട്ടി.

രാജ് ലിംബാനി

ഷമിയുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഒരുങ്ങുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനിലെത്തിക്കുന്നതില്‍ തന്റെതായ പങ്കുവഹിച്ച താരമായ രാജ് ലിംബാനിക്ക് ടൈറ്റന്‍സിനൊപ്പം കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചേക്കും. ആറ് മത്സരത്തില്‍ നിന്നുമായി 11 വിക്കറ്റുകളാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്.

ഇഷാന്‍ പോരല്‍

ഐ.പി.എല്ലില്‍ ഇതുവരെ ഒറ്റ മത്സരം മാത്രമാണ് ഇഷാന്‍ പോരലിന് കളിക്കാന്‍ സാധിച്ചിട്ടുള്ളത്. 2024 താരലേലത്തില്‍ ഒരാള്‍ പോലും പോരലിനെ ടീമിലെത്തിച്ചതുമില്ല. എന്നാല്‍ ഇപ്പോള്‍ ഷമിയുടെ പരിക്കിന് പിന്നാലെ താരത്തിന് ഐ.പി.എല്ലിലേക്കുള്ള വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

കരിയറില്‍ ഇതുവരെ 29 ടി-20 മത്സരത്തില്‍ നിന്നുമായി 7.17 എക്കോണമിയില്‍ 40 വിക്കറ്റുകളാണ് പോരല്‍ സ്വന്തമാക്കിയത്

Content Highlight: IPL 2024: 3 players who can replace Mohammed Shami