ടി-20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെ തിരിച്ചുവിളിച്ചത് ഐ.പി.എല്ലിലെ പ്രധാന ടീമുകള്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ്. പ്ലേ ഓഫ് സ്വപ്‌നം കാണുന്ന രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്കൊപ്പം ക്വാളിഫയര്‍ ഒന്നില്‍ സ്ഥാനമുറപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഈ തീരുമാനം തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ജോസ് ബട്‌ലര്‍, ഫില്‍ സോള്‍ട്ട്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, സാം കറന്‍, വില്‍ ജാക്സ്, റീസ് ടോപ്‌ലി എന്നിവരടക്കമുള്ള താരങ്ങള്‍ വരും ദിവസങ്ങളിലായി ടീം വിട്ടേക്കുമെന്നും ഈ വാരാന്ത്യത്തോടെ യു.കെയിലെത്തുമെന്നും ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ ക്യാമ്പ് വിടുകയും ചെയ്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും റോയല്‍സിന് രണ്ട് മത്സരം ശേഷിക്കെ ബട്‌ലറിന് പകരം ഓപ്പണറുടെ റോളില്‍ ഇനിയാര് എന്ന ചോദ്യമാണ് രാജസ്ഥാന് മുമ്പിലുള്ളത്. ജെയ്‌സ്വാളിനൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓപ്പണിങ്ങിനിറങ്ങുന്നത് മുതല്‍ സ്‌ക്വാഡിലെ മറ്റ് താരങ്ങളെ പ്ലെയിങ് ഇലവനിലേക്കെത്തിക്കുന്നത് വരെയായി രാജസ്ഥാന്‍ ആരാധരര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തകൃതിയാണ്.
ബട്‌ലറിനെ പൂര്‍ണമായി റീപ്ലേസ് ചെയ്യാന്‍ സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍ക്കൊന്നും സാധിക്കില്ലെങ്കിലും രാജസ്ഥാന് മുമ്പിലുള്ള മൂന്ന് പ്രധാന ഓപ്ഷനുകളെ പരിശോധിക്കാം.
3. കുണാല്‍ സിങ് റാത്തോര്‍
ആഭ്യന്തര തലത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുണാല്‍ സിങ് റാത്തോറിനെ ടീമിലെത്തിക്കുന്നത്. 2022 മുതല്‍ ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തുന്ന റാത്തോറിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 12 ടി-20 മത്സരത്തില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറിയടക്കം 254 റണ്‍സാണ് താരം സ്വന്തമാക്കിയത്.
2. തനുഷ് കോട്ടിയന്‍
ആഭ്യന്തര തലത്തിലെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കോട്ടിയന് മുമ്പില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വാതിലുകള്‍ തുറക്കപ്പെടാന്‍ കാരണമായത്. 2024 താരലേലത്തില്‍ ഓസീസ് സൂപ്പര്‍ താരം ആദം സാംപക്ക് പകരക്കാരനായാണ് തനുഷ് കോട്ടിയന്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ടീം സ്വന്തമാക്കിയത്.
നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ കോട്ടിയനെ ജെയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലിറക്കി വന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ താരം പരാജയപ്പെട്ടതോടെ ആ പരീക്ഷണവും എട്ടുനിലയില്‍ പൊട്ടി. എങ്കിലും താരത്തെ അവന്റെ നാച്ചുറല്‍ പൊസിഷനില്‍ ഇറക്കുകയും മറ്റ് താരങ്ങള്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് കയറുകയും ചെയ്താല്‍ കോട്ടിയനും രാജസ്ഥാന് മുമ്പിലുള്ള പ്രധാന ഓപ്ഷനാണ്.
1. ടോം കോലര്‍ കാഡ്‌മോര്‍
ഇത്തവണത്തെ താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ മറ്റൊരു ഓവര്‍സീസ് താരമാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ടോം കോലര്‍ കാഡ്‌മോര്‍. അടിസ്ഥാന വിലയായ 40 ലക്ഷത്തിനാണ് ടീമിലെ ആറാം വിക്കറ്റ് കീപ്പര്‍ ബാറ്റിങ് ഓപ്ഷനായി രാജസ്ഥാന്‍ ഈ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്. ടി.കെ.സിയാകും ബട്‌ലറിന് പകരക്കാനാകാന്‍ സാധ്യതകളെന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.എല്‍ താരലേലത്തിന് പിന്നാലെ നടന്ന ഐ.എല്‍.ടി-20യില്‍ കാഡ്‌മോര്‍ ഷാര്‍ജ വാറിയേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു.
2013ല്‍ വോസ്റ്റര്‍ഷെയറിനൊപ്പം കരിയര്‍ ആരംഭിച്ച കാഡ്‌മോര്‍ 2016ലെ ടി-20 ബ്ലാസ്റ്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡുര്‍ഹാമിനെതിരായ മത്സരത്തില്‍ വോസ്റ്റര്‍ഷെയര്‍ റാപിഡ്‌സിനായി 54 പന്തില്‍ 127 റണ്‍സടിച്ചാണ് താരം തിളങ്ങിയത്. എട്ട് സിക്‌സറും 14 ഫോറും ഉള്‍പ്പെടെ 235.18 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റ വെടിക്കെട്ട്. ഈ വര്‍ഷമാദ്യം നടന്ന ഐ.എല്‍ ടി-20യിലും താരം മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു.
അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന ടീമിന്റെ 13ാം മത്സരത്തില്‍ രാജസ്ഥാന്‍ ഇവരിലാരെയെങ്കിലും കളത്തിലിറക്കുമോ അതോ നിര്‍ണായക ഘട്ടങ്ങളില്‍ പരീക്ഷണം നടത്തുന്ന പതിവ് ഇത്തവണയും അവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: IPL 2024: 3 Players who can replace Jos Buttler in Rajasthan Royals squad for upcoming matches