11 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജസ്പ്രീത് ബുംറയെന്ന 19കാരന്‍ ഐ.പി.എല്ലില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയ അവന് നേരിടാനുണ്ടായിരുന്നത് ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും ദില്‍ഷനും അടങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സിനെയും.
ആദ്യ മത്സരത്തിന്റെ പതര്‍ച്ചകളൊന്നുമില്ലാതെ അവന്‍ പന്തെറിഞ്ഞപ്പോള്‍ വീണത് മൂന്ന് വിക്കറ്റുകളാണ്. ഐ.പി.എല്ലിലെ ആദ്യ വിക്കറ്റായി പുറത്താക്കിയതാകട്ടെ സാക്ഷാല്‍ വിരാട് കോഹ്‌ലിയെയും.
തന്റെ സ്‌പെല്ലിലെ അടുത്ത പന്തില്‍ മായങ്ക് അഗര്‍വാളിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കൈകളിലെത്തിച്ച് മടക്കിയ ബുംറ കരുണ്‍ നായരിനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കി.
മത്സരത്തില്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയതും ബുംറയായിരുന്നു.
2013ല്‍ മറ്റൊരു മത്സരത്തില്‍ക്കൂടിയാണ് ബുംറക്ക് കളത്തിലിറങ്ങാന്‍ സാധിച്ചത്. അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നേടാനും ബുംറക്കായി.
ഓരോ സീസണുകളിലായി തന്റെ പ്രകടനം മെച്ചപ്പെടുത്തിയ ബുംറ ടീമില്‍ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതിനിടെ പല റെക്കോഡുകളും പിന്നാലെ ഇന്ത്യന്‍ ക്യാപ്പും ബുംറയെ തേടിയെത്തി.
ഐ.പി.എല്ലിലെ 12ാം സീസണിലാണ് ബുംറ ഇപ്പോള്‍ കളിക്കുന്നത്. 123 മത്സരത്തില്‍ നിന്നും 148 വിക്കറ്റുകളാണ് ഇന്ത്യന് പ്രീമിയര്‍ ലീഗില്‍ ബുംറയുടെ സമ്പാദ്യം. 23.34 ശരാശരിയിലും 7.36 എക്കോണമിയിലും പന്തെറിയുന്ന ബുംറയുടെ മികച്ച പ്രകടനം 5/10 ആണ്.
ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരമായാണ് ബുംറയുടെ വളര്‍ച്ച. വിരാട് കോഹ്‌ലിയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമടക്കം നാല് താരങ്ങള്‍ക്ക് മാത്രമാണ് ബി.സി.സി.ഐ എ പ്ലസ് കരാര്‍ നല്‍കിയിട്ടുള്ളത്. അതില്‍ ഒരാള്‍ ബുംറയാണ്.
വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാള്‍ ബുംറയാണ്. പതിറ്റാണ്ടിലധികമായുള്ള കിരീട വരള്‍ച്ച ഇത്തവണയോടെ അവസാനിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: IPL 2024: 12 years of Jasprit Bumrah in IPL