| Tuesday, 16th May 2023, 7:20 pm

ഐ.പി.എല്ലിലെ ബെസ്റ്റ് ഇലവന്‍; നായകനായി സൂര്യ, വിക്കറ്റ് കീപ്പറായി സഞ്ജു, ടീം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പതിനാറാം സീസണിലെ ആറാമത്തെ ആഴ്ചയിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേ. പതിനൊന്ന് അംഗ ടീമില്‍ ഏഴ് പേര്‍ ഇന്ത്യന്‍ താരങ്ങളും മറ്റു നാല് പേര്‍ വിദേശികളുമാണ്.

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നെടുംതൂണായ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. നാലാമനായാണ് സഞ്ജുവിന് ബാറ്റിങ്ങ് പൊസിഷനില്‍ ഇടം നല്‍കിയിരിക്കുന്നത്. ഹൈദരാബാദിനെതിരെ 38 പന്തില്‍ 66ഉം, കൊല്‍ക്കത്തക്കെതിരെ 29 പന്തില്‍ നിന്ന് 48 റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം ദല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടാണ് ഇന്നി ഓപ്പണ്‍ ചെയ്യാനെത്തുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സാണ് (47 പന്തില്‍ നിന്നും 98*) ജെയ്‌സ്വാളിന് തുണയായത്. ആര്‍.സി.ബിക്കെതിരെ 45 പന്തില്‍ നിന്നും 87 റണ്‍സെടുത്ത് ടീമിനെ ഏഴ് വിക്കറ്റ് ജയത്തിലേക്ക് നയിച്ചതാണ് സാള്‍ട്ടിനെ തുണച്ചത്.

സൂര്യകുമാര്‍ യാദവാണ് മൂന്നാമനായെത്തുക. തൊട്ടുപിന്നാലെ നാലാമനായി സഞ്ജുവും അഞ്ചാമനായി മുംബൈയുടെ തന്നെ നേഹല്‍ വധേരയും ടീമിലിടം നേടി. ചെന്നൈയ്ക്കും ആര്‍.സി.ബിക്കുമെതിരെ നേടിയ രണ്ട് അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് താരത്തിന് മധ്യനിരയില്‍ ഇടം നല്‍കിയത്.

ആരും കൊതിക്കുന്ന മൂന്ന് ഓള്‍റൗണ്ടര്‍മാരാണ് ക്രിക്ടുഡേ തെരഞ്ഞെടുത്ത ബെസ്റ്റ് ഇലവനെ കൂടുതല്‍ കരുത്തരാക്കുന്നത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ കളി ജയിപ്പിക്കാന്‍ കഴിയുന്ന ആന്ദ്രേ റസല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), അക്‌സര്‍ പട്ടേല്‍ (ദല്‍ഹി ക്യാപിറ്റല്‍സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരും ബെസ്റ്റ് ഇലവനില്‍ ഇടം പിടിച്ചു.

യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), മതീശ പതിരാന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ആകാശ് മധ്വാള്‍ (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് കഴിഞ്ഞ ആഴ്ചകളില്‍ മികച്ച ബൗളിങ് പ്രകടനവുമായി ബെസ്റ്റ് ഇലവനില്‍ ഇടം നേടിയത്.

ബെസ്റ്റ് ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ഫിലിപ് സാള്‍ട്ട്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നേഹല്‍ വധേര, ആന്ദ്രേ റസല്‍, അക്‌സര്‍ പട്ടേല്‍, റാഷിദ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, മതീശ പതിരാന, ആകാശ് മധ്വാള്‍.

content highlights: IPL 2023 Team of Week 6, Suryakumar Yadav to captain

We use cookies to give you the best possible experience. Learn more