ഐ.പി.എല്‍ 2023ലെ 56ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയുടെ കളിത്തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
നിലവില്‍ 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയുമായി 10 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ചാമതും നൈറ്റ് റൈഡേഴ്സ് ആറാം സ്ഥാനത്തുമാണ്.
ഇരുടീമുകളെയും സംബന്ധിച്ച് ഈ മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ടീം പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പാക്കുകയും തോല്‍ക്കുന്ന ടീമിന്റെ ഐ.പി.എല്‍ യാത്രക്ക് ഇതോടെ അന്ത്യമാവുമെന്നുമിരിക്കെ ഫൈനലിനേക്കാള്‍ ആവേശകരമായ മത്സരത്തിനായിരിക്കും കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുക.
ഈഡന്‍ ഗാര്‍ഡന്‍സിലെ വിജയികള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കും.
സീസണില്‍ ഇതാദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
അവസാനം നടന്ന ആറ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നില പരുങ്ങലിലായത്. ആദ്യ അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ആധിപത്യമുറപ്പിച്ച സഞ്ജുവും സംഘവും പിന്നിടങ്ങോട്ട് കളി മറക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള പല മത്സരങ്ങളും കളഞ്ഞു കുളിച്ചാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറിക്കൂടാന്‍ കഷ്ടപ്പെടുന്നത്.
മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളും പലപ്പോഴും രാജസ്ഥാന് തിരിച്ചടിയായി.
എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്നിലും വിജയിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹല്ലാ ബോല്‍ ആര്‍മിക്കെതിരെ കളത്തിലിറങ്ങുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസമാണ് സ്വന്തം മണ്ണിലേക്കിറങ്ങുമ്പോള്‍ നൈറ്റ് റൈഡേഴ്‌സിനെ കൈമുതലായിട്ടുള്ളത്.