ചെന്നൈ ഇത്തവണ കപ്പടിക്കുമോ? ഏറക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും, ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇങ്ങനെ
Cricket news
ചെന്നൈ ഇത്തവണ കപ്പടിക്കുമോ? ഏറക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും, ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th May 2023, 6:15 pm

ഐ.പി.എല്‍ 2023 സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. നിലവില്‍ എല്ലാ ടീമുകളും 11 മത്സരങ്ങളെങ്കിലും പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 മത്സരങ്ങള്‍ കളിച്ച് പതിനാറും പതിനഞ്ചും പോയിന്റുള്ള ഗുജറാത്തും ചെന്നൈയുമാണ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മുംബൈയും ലഖ്‌നൗവുമാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. ഈ ടീമുകളും തങ്ങളുടെ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഇതില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ഗുജറാത്തും ചെന്നൈയും ഏറക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.

ഇതില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ പ്ലേ ഓഫിലെ സ്ഥാനം എങ്ങനെയാകുമെന്ന് പരിശോധിക്കാം

ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനക്കാരായി തന്നെ
ധോണിയുടെ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാനാകും. ഇതില്‍ ഒരു മത്സരം മാത്രമാണ് വിജയിക്കുന്നതെങ്കിലും ടീമിന് പ്ലേ ഓഫിലെത്താം.

 

എന്നാല്‍ രണ്ട് മത്സരവും പരാജയപ്പെടുകയാണെങ്കില്‍ ബെഗംളൂരു, രാജസ്ഥാന്‍, പഞ്ചാബ് എന്നീ ടീമുകള്‍ ഇനിയുള്ള ഏതെങ്കലും ഒരു മത്സരത്തില്‍ തോറ്റാലെ ധോണിപ്പടക്ക് പ്ലേ ഓഫിലേക്ക് കയറാനാകു.

 

ഞായറാഴ്ച കൊല്‍ക്കത്തക്കെതിരെയും മെയ് ഇരുപതിന് ദല്‍ഹി ക്യാപിറ്റല്‍സുമായുമാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍. പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലുള്ള ഈ ടീമുകളെ പരാജയപ്പെടുത്തി പ്ലേ ഓഫില്‍ മാര്‍ച്ച് ചെയ്യാനാണ് നാലാം കിരീടം ലക്ഷ്യംവെക്കുന്ന ചെന്നൈ ഒരുങ്ങുന്നത്.