ഐ.പി.എല്‍ 2022ന്റെ ആവേശം കൊട്ടിക്കയറുകയാണ്. രണ്ട് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിക്കുകയും രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് തൊട്ടരികെ എത്തി നില്‍ക്കുകയുമാണ്. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിന് വേണ്ടി ടീമുകളുടെ ജീവന്‍മരണ പോരാട്ടമാണ് സീസണിലെ ആവേശകരമായ കാഴ്ച.
ടീമുകള്‍ ആവേശത്തോടെ മുന്നേറുമ്പോള്‍ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരേയും ഓര്‍ക്കണം. ഐ.പി.എല്ലിന്റെ കിരീടം പലതവണ ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാകരെ സ്ഥാനഭൃഷ്ടരാക്കുന്ന സീസണ്‍ കൂടിയായിരുന്നു ഇത്.
ഐ.പി.എല്ലില്‍ ആറ് ടീമുകള്‍ മാത്രമാണ് ഇതുവരെ കിരീടം നേടിയത്. അതില്‍ അഞ്ച് ടീമുകളാണ് നിലവില്‍ ഐ.പി.എല്‍ കളിക്കുന്നത്. (ഡെക്കാന്‍ ചാര്‍ജേഴ്‌സ് നിലവില്‍ കളിക്കുന്നില്ല). അവരില്‍ ഒരാള്‍ക്കൊഴികെ ഐ.പി.എല്‍ 2022 ശാപം കിട്ടിയതുപോലെയായിരുന്നു.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഐ.പി.എല്ലിലെ മോസ്റ്റ് സക്‌സസ്ഫുള്‍ ടീം. 2013, 2015, 2017, 2019, 2020 സീസണില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സായിരുന്നു സീസണില്‍ ഏറ്റവുമാദ്യം പുറത്താകാന്‍ വിധിച്ചവര്‍. മുംബൈയെ സംബന്ധിച്ച് ഐ.പി.എല്ലിലെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെടേണ്ടി വന്ന സീസണ്‍ കൂടിയായിരുന്നു 2022.
മുംബൈ ഇന്ത്യന്‍സിന് ശേഷം ഏറ്റവുമധികം തവണ കിരീടം നേടിയ ടീമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2010, 2011, 2018, 2021 സീസണുകളിലായി 4 തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായിരുന്നു രണ്ടാമതായി പുറത്താവേണ്ടി വന്നത്. നായകനെ മാറ്റിയതും പിന്നീട് ധോണി തന്നെ നായകസ്ഥാനമേറ്റെടുത്തതും, ജഡേജയുടെ പുറത്താവലും തുടങ്ങിയ സംഭവങ്ങള്‍ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്‌സും മറക്കാനാഗ്രഹിക്കുന്ന സീസണാണ് 2022 എന്നതില്‍ സംശയമില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ടൂര്‍ണമെന്റില്‍ നിന്നും മൂന്നാമതായി പുറത്തായത്. മുംബൈ്ക്കും ചെന്നൈയ്ക്കും ശേഷം ഏറ്റവുമധികം കിരീടം നേടിയ കൊല്‍ക്കത്തയുടെ പുറത്താകല്‍ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. മറ്റ് രണ്ട് ടീമുകളേയുമപേക്ഷിച്ച് അവസാന മത്സരത്തിലേതടക്കം ചില മാസ്മരിക മുഹൂര്‍ത്തങ്ങളായിരുന്നു കെ.കെ.ആര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്.
സീസണ്‍ ആകെ ഒന്നു നോക്കിയാല്‍ ഏറ്റവുമധികം കിരീടം നേടിയ ടീം ആദ്യവും രണ്ടാമത് കൂടുതല്‍ തവണ കിരീടം നേടിയ ടീം രണ്ടാമതും മൂന്നാമത് ഏറ്റവുമധികം തവണ കിരീടം നേടിയ ടീം മൂന്നാമതും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ കാഴ്ചയാണ് 2022ല്‍ കണ്ടത്.
ടൂര്‍ണമെന്റില്‍ നിന്നും ഇന്നോ നാളയോ എന്നുപറഞ്ഞ് പുറത്താവാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലും ഒരു ചാമ്പ്യനുണ്ട്. 2016ല്‍ ഐ.പി.എല്ലിന്റെ കിരീടം നേടിയ സണ്‍റൈസേഴ്‌സാണ് ആ നിര്‍ഭാഗ്യവാന്‍മാര്‍.
ഐ.പി.എല്ലില്‍ കിരീടം നേടിയവരുടെ കൂട്ടത്തില്‍ ഓഡ് വണ്‍ ഔട്ടായി നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച രാജസ്ഥാന്‍ തങ്ങളുടെ രണ്ടാമത് കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ഒഴികെ പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള മൂന്ന് ടീമും ഐ.പി.എല്ലിന്റെ കിരീടം ഇതുവരെ നേടാത്തവരാണ്. പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമും ടൂര്‍ണമെന്റിലെ കന്നിക്കാരാണ് എന്നതാണ് രസകരമായ വസ്തുത.
പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് പ്രവേശിക്കാനിരിക്കുന്നവരില്‍ ഏറ്റവുമധികം സാധ്യതയും കിരീടം നേടാത്തവര്‍ക്കാണ്. ഐ.പി.എല്‍ തുടങ്ങിയതുമുതല്‍ ടൂര്‍ണമെന്റിനൊപ്പമുണ്ടാവുകയും കിരീടം നേടാന്‍ സാധിക്കാതെ പോവുകയും ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആ രണ്ട് ടീമുകള്‍.
Content Highlight: IPL 2022, The Graveyard of Champions