ഓരോ ടീമിലേയും തോല്‍വികള്‍; ഐ.പി.എല്‍ 2022ലെ ഓരോ ടീമിന്റേയും മോശം സെലക്ഷനുകള്‍; രാജസ്ഥാനിലേത് അപ്രതീക്ഷിത താരം
IPL
ഓരോ ടീമിലേയും തോല്‍വികള്‍; ഐ.പി.എല്‍ 2022ലെ ഓരോ ടീമിന്റേയും മോശം സെലക്ഷനുകള്‍; രാജസ്ഥാനിലേത് അപ്രതീക്ഷിത താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd April 2022, 7:37 pm

ഏറെ ആവേശത്തോടെയാണ് 2022 ഐ.പി.എല്ലിനെ നോക്കിക്കാണുന്നത്. ഐ.പി.എല്ലിലെ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഐ.പി.എല്‍ ആവേശം വാനോളമുയര്‍ന്നിരുന്നു. മെഗാ താരലേലത്തേടെയാണ് യഥാര്‍ത്ഥത്തില്‍ ആവേശം തുടങ്ങിയതുതന്നെ.

ഓരോ ടീമും തങ്ങളുടെ മൂന്ന് പേരെ വീതം നിലനിര്‍ത്തുകയും മറ്റ് താരങ്ങളെ ലേലത്തിനായി വിട്ടുനല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ടീം മാറിയെത്തിയ പല താരങ്ങളും മികച്ച പെര്‍ഫോമന്‍സ് പുതിയ ടീമിനൊപ്പം കാഴ്ചവെക്കുകയാണ്. ആര്‍.സി.ബി വിട്ട് രാജസ്ഥാനിലെത്തിയ ചഹലും മുംബൈ ഇന്ത്യന്‍സിനോട് ബൈ ബൈ പറഞ്ഞ പാണ്ഡ്യ സഹോദരന്‍മാരും ഉദാഹരണം മാത്രം.

എന്നാല്‍, മെഗാലേലത്തില്‍ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച പല താരങ്ങളും പ്രതീക്ഷിച്ച പ്രകടനത്തിന്റെ ഏഴയലത്തെത്താത്ത കാഴ്ചയും ഐ.പി.എല്ലിന്റെ പ്രത്യേകതകളിലൊന്നായിരുന്നു.

ഓരോ ടീമിലേയും ഏറ്റവും മോശം പിക്‌സ് ഏതൊക്കെയാണെന്ന് നോക്കാം,

 

മുംബൈ ഇന്ത്യന്‍സ് – ഡാനിയല്‍ സാംസ്

ബി.ബി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ 2.60 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് സാംസിനെ ടീമിലെത്തിച്ചത്. എന്നാല്‍ ബി.ബി.എല്ലിലെ പ്രകടനം താരത്തിന് മുംബൈയ്ക്കായി പുറത്തെടുക്കാനായിട്ടില്ല.

ഇതുവരെയെറിഞ്ഞ 15 ഓവറില്‍ 11.27 എക്കോണമിയില്‍ 169 റണ്‍സാണ് താരം വിട്ടുനല്‍കിയത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും റണ്‍സ് വിട്ടുനല്‍കിയ രണ്ടാമത്തെ താരവുമാണ് സാംസ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ടീമിന്റെ മുന്‍ ഉപനായകനെ ഒരു കോടി രൂപയ്ക്കായിരുന്നു കെ.കെ.ആര്‍ ദല്‍ഹിയില്‍ നിന്നും തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ബാറ്റിംഗ് നിരയിലെ കരുത്താകുമെന്ന് പ്രതീക്ഷിച്ച താരം തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ഈ സീസണില്‍ കണ്ടത്.

അഞ്ച് കളിയില്‍ നിന്നും 80 റണ്‍സാണ് രഹാനെ ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ രഹാനെയില്‍ പ്രതീക്ഷയറ്റ അവസ്ഥയിലാണ് കൊല്‍ക്കത്ത.

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോമാരിയോ ഷെപ്പേര്‍ഡ്

7.75 കോടി മുടക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഈ വിന്‍ഡീസ് ഹാര്‍ഡ് ഹിറ്ററെ ടീമിലെത്തിച്ചത്. ബാറ്റിംഗിലെ ആക്രമണത്തോടൊപ്പം തരക്കേടില്ലാത്ത ബൗളിംഗുമായിരുന്നു ഷെപ്പേര്‍ഡിനെ ടീമിലെത്തിച്ചത്.

എന്നാല്‍ കളിച്ച രണ്ട് മത്സരത്തില്‍ നിന്നും 32 റണ്‍സ് മാത്രം നേടിയ താരം വഴങ്ങിയത് 75 റണ്‍സായിരുന്നു. ഓള്‍ റൗണ്ട് നിരയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ച താരം രണ്ട് ഡിപ്പാര്‍ട്‌മെന്റിലും പരാജയമാവുകയായിരുന്നു.

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മനീഷ് പാണ്ഡേ

4.60 കോടി രൂപയ്ക്കായിരുന്നു ടൂര്‍ണമെന്റിലെ കന്നിക്കാരായ ലഖ്‌നൗ പാണ്ഡേയെ ടീമിലെത്തിച്ചത്. തൊട്ടുമുമ്പത്തെ സീസണുകളില്‍ ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് എല്‍.എസ്.ജിയുടെ നോട്ടം പാണ്ഡേയിലേക്കെത്തിയത്.

ഇതുവരെ 5 മത്‌സരത്തില്‍ നിന്നും 66 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. എന്നാല്‍ താരത്തില്‍ നിന്നും ടീമോ ആരാധകരോ പ്രതീക്ഷിക്കുന്ന പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല.

 

പഞ്ചാബ് കിംഗ്‌സ് – ജോണി ബെയസ്‌ട്രോ

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബെയസ്‌ട്രോയെ 6.75 കോടി മുടക്കി ഏറെ പ്രതീക്ഷയോടെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. എന്നാല്‍ പേരിനും പെരുമയ്ക്കും ഒത്ത പ്രകടനം ഇനിയും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നത് ഏതൊരു ക്രിക്കറ്റ് ആരാധകനേയും സംബന്ധിച്ച് വിഷമകരം തന്നെയാണ്.

നാല് മത്സരത്തില്‍ നിന്നും 41 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ടോപ്പ് ഓര്‍ഡറിന്റെ ശക്തിയെ കരുതി ടീമിലെത്തിച്ച ബെയസ്‌ട്രോ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

 

ദല്‍ഹി ക്യാപ്പിറ്റല്‍സ് – റോവ്മന്‍ പവല്‍

കരീബിയന്‍ കരുത്തിന്റെ പര്യായമായ ഹാര്‍ഡ് ഹിറ്റിംഗ് സ്‌കില്ലാണ് താരത്തെ ദല്‍ഹിയിലെത്തിച്ചത്. 2.80 കോടി രൂപയ്ക്കാണ് ദല്‍ഹി പവലുമായി കരാറിലെത്തിയത്.

കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ നടത്തിയ മത്സരമൊഴിച്ചുനിര്‍ത്തിയാല്‍ സീസണില്‍ പവല്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഇതിന് മുമ്പുള്ള ആറ് മത്സരത്തില്‍ നിന്നും 31 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. ബൗളിംഗിലും താരത്തിന്റെ കരിയറിലെ തന്നെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ഡെവോണ്‍ കോണ്‍വേ

ന്യൂസിലാന്‍ഡിനായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് കോണ്‍വേ ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സിന്റെ ഭാഗമായത്. ഒരു കോടി രൂപയ്ക്കായിരുന്നു താരം ടീമിലെത്തിയത്.

ഇതുവരെയുള്ള മത്സരത്തില്‍ എട്ട് പന്തില്‍ നിന്നും 3 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. ടീമിലെ ടോപ്പ് ഓര്‍ഡര്‍ താരങ്ങള്‍ മികച്ച രീതിയില്‍ തന്നെ കളിക്കുന്നതിനാല്‍ കോണ്‍വേയ്ക്ക് വേണ്ടത്ര അവസരങ്ങളും ഈ സീസണില്‍ ലഭിച്ചിട്ടില്ല.

 

ഗുജറാത്ത് ടൈറ്റന്‍സ് – മാത്യു വേഡ്

മികച്ച ഓപ്പണര്‍ എന്ന നിലയിലാണ് ടൈറ്റന്‍സ് മാത്യു വേഡിനെ ടീമിലെത്തിച്ചത്. 2.40 കോടിയായിരുന്നു ടീം വേഡിനായി മുടക്കിയത്. എന്നാല്‍ ഫോമിലേക്കെത്താന്‍ ഇനിയും വേഡിനായിട്ടില്ല.

കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നുമായി കേവലം 68 റണ്‍സാണ് താരം നേടിയത്. ബാറ്റിംഗ് നിരയ്ക്ക് ശക്തി പകരാനുറച്ച് ടീമിലെത്തിച്ചവന്‍ പതറുന്ന ദയനീയ കാഴ്ചയാണ് ടൈറ്റന്‍സില്‍ കാണുന്നത്.

 

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – ഡേവിഡ് വില്ലി

ഇംഗ്ലണ്ടിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ വില്ലി ഐ.പി.എല്ലിലെത്തിയപ്പോള്‍ പാടെ പരാജയപ്പെടുകയായിരുന്നു. 2 കോടിക്ക് ടീമിലെത്തിയ വില്ലി ഇതുവരെ നാല് മത്സരത്തില്‍ നിന്നും 72 റണ്‍സാണ് വിട്ടുനല്‍കിയത്.

ബാറ്റിംഗിലും താരത്തിന് കാര്യമായൊന്നും തന്നെ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല. നാല് മത്സരത്തില്‍ നിന്നും ആകെ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

രാജസ്ഥാന്‍ റോയല്‍സ് – യശസ്വി ജെയ്‌സ്വാള്‍

കഴിഞ്ഞ കാലത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമായിരുന്നു യശസ്വി ജെയ്‌സ്വാള്‍. നാല് കോടി രൂപയായിരുന്നു ഇന്ത്യന്‍ യുവരക്തത്തിനായി റോയല്‍സ് മാറ്റിവെച്ചത്.

എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിനായിട്ടില്ല. കളിച്ച മൂന്ന് കളിയില്‍ നിന്നും 25 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

 

(ഇതുവരെ നടന്ന മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി)

 

Content Highlight: IPL 2022: Team-wise worst pick of the tournament