ഐ.പി.എല്ലിന്റെ പുതിയ സീസണിന് കളമൊരുങ്ങിക്കഴിഞ്ഞു. പുതിയ രണ്ട് ടീമുകളും അവരുടെ പേരും നായകരേയും പ്രഖ്യാപിച്ച് പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 12, 13 തിയ്യതികളിലായി നടക്കുന്ന മെഗാലേലത്തിനാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. ഏതൊക്കെ താരങ്ങള്‍ ഏതെല്ലാം ടീമിലേക്ക് ചേക്കേറുമെന്നും, അവര്‍ക്ക് എത്ര തുക ലഭിക്കുമെന്നുമാണ് ഓരോ ആരാധകനും കണക്കുകൂട്ടുന്നത്.
1,214 താരങ്ങള്‍ ഉള്‍പ്പെട്ട ലേലപ്പട്ടികയില്‍ നിന്നും 590 താരങ്ങളുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ പുറത്തു വിട്ടിരുന്നു. ഈ ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നുമാണ് മാനേജ്‌മെന്റുകള്‍ക്ക് താരങ്ങളെ വിളിച്ചെടുക്കാന്‍ സാധിക്കുക.
ലോക ക്രിക്കറ്റിലെ തന്നെ വലിയ പേരുകള്‍ ഇത്തവണത്തെ മെഗാലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. തന്റെ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഏതൊക്കെ താരങ്ങളെ എത്ര രൂപയ്ക്കാണ് ടീം മാനേജ്‌മെന്റ് സ്വന്തമാക്കാനൊരുങ്ങുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇങ്ങനെ മെഗാലേലത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ സാധ്യത കല്‍പിക്കുന്ന 5 വിദേശ താരങ്ങളെ പരിചയപ്പെടാം.
1. ഡേവിഡ് വാര്‍ണര്‍
ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ സീസണുകളില്‍ സണ്‍റൈസേഴ്‌സിന്റെ താരമായിരുന്ന വാര്‍ണര്‍ ക്യാപ്റ്റനായിരിക്കെ ടീമിനെ കിരീടവും ചൂടിച്ചിട്ടുണ്ട്. എന്നാല്‍ ടീമുമായുള്ള പടലപ്പിണക്കത്തിന് പിന്നാലെ വാര്‍ണര്‍ ഇനി സണ്‍റൈസേഴ്‌സില്‍ തുടരില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2014 മുതല്‍ 2020 വരെ താന്‍ കളിച്ച എല്ലാ സീസണിലും 500+ റണ്‍സ് നേടിയാണ് വാര്‍ണര്‍ ഐ.പി.എല്ലിലെ മികച്ച പേരുകാരില്‍ ഒരാളായത്.
എന്നാല്‍ ഈ സീസണില്‍ പല ടീമുകളും വാര്‍ണറിനെ നോട്ടമിട്ടുണ്ട്. ആര്‍.സി.ബിയടക്കം താരത്തിനായി കോടികള്‍ വാരിയെറിയാന്‍ രംഗത്തുണ്ട്. ഐ.സി.സി ടി-20 കിരീടം ഓസീസിനെ ചൂടിച്ചാണ് വാര്‍ണര്‍ ഇത്തവണത്തെ ഐ.പി.എല്ലിനിറങ്ങുന്നത്.
സൗത്ത് ആഫ്രിക്കയുടെ സ്വന്തം ഡുപ്ലസിസാണ് ഈ സീസണില്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ സാധ്യത കല്‍പിക്കുന്ന മറ്റൊരു താരം. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ മുന്നണിപ്പോരാളിയായ താരം ബാറ്റ് കൊണ്ട് മാന്ത്രികത തീര്‍ത്താണ് ടീം മാനേജ്‌മെന്റുകളുടെ നോട്ടപ്പുള്ളിയാവുന്നത്.
2021ല്‍ 45.21 ശരാശരിയില്‍ 633 റണ്‍സാണ് താരം സ്വന്തമാക്കിയത്. എല്ലാ സീസണുകളില്‍ നിന്നുമായി 2,935 റണ്‍സാണ് താരത്തിന്റെ ഐ.പി.എല്ലിലെ സമ്പാദ്യം.
3. കഗീസോ റബാദ
ദക്ഷിണാഫ്രിക്കന്‍ പേസ്ബൗളിംഗിന്റെ കുന്തമുനയായ റബാദയാണ് മെഗാലേലത്തിലെ മറ്റൊരു പോയിന്റ് ഓഫ് അട്രാക്ഷന്‍. ഡെത്ത് ഓവറുകളിലടക്കം റണ്‍സ് വഴങ്ങാതെ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ടി-20 സ്‌പെഷ്യലിസ്റ്റ് കൂടിയാണ് റബാദ.
ഇതുവരെ 50 മത്സരങ്ങളില്‍ നിന്നും 76 വിക്കറ്റുകളാണ് നേടിയത്. 25, 30, 15 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് സീസണുകളിലെ താരത്തിന്റെ പ്രകടനം.
പഴകും തോറും വീര്യം കൂടുന്ന തരക്കാരനായ ഷാകിബ് അല്‍ ഹസനാണ് ഐ.പി.എല്ലില്‍ ഇത്തവണ മികച്ച നേട്ടം കൊയ്യാന്‍ സാധ്യത കല്‍പിക്കുന്ന മറ്റൊരു വിദേശ താരം. ബംഗ്ലാദേശിന്റെ സ്പിന്‍ ഓള്‍ റൗണ്ടര്‍ ടി-20 ഇന്റര്‍നാഷണലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒരുവനും സ്പിന്നര്‍മാരില്‍ മുമ്പനുമാണ്.
താരത്തിന്റെ ബൗളിംഗും ബാറ്റിഗും മാത്രമല്ല ക്യാപ്റ്റന്‍സിയും ടീമുകള്‍ക്ക് പ്രയോജനപ്പെടുത്താനാവും. കഴിഞ്ഞ സീസണുകളില്‍ സണ്‍റൈസേഴ്‌സിനും നൈറ്റ് റൈഡേഴ്‌സിനും വേണ്ടി കളത്തിലിറങ്ങിയ താരം ഇത്തവണയും പിച്ചില്‍ ഇന്ദ്രജാലം കാട്ടുമെന്നുറപ്പാണ്.
മുരളീധരനും മലിംഗയ്ക്കും ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പന്ത് കൊണ്ട് മാജിക് കാണിക്കുന്ന യുവതാരമാണ് വാഹിന്ദു ഹസരങ്ക. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വെച്ച് മാത്രം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
തങ്ങളുടെ ടീമിന്റെ ബൗളിംഗ് നിരയെ ശക്തിപ്പെടുത്താനായി നിരവധി ടീമുകളാണ് ഹസരങ്കയ്ക്ക് പുറകെയുള്ളത്.
Content Highlight: IPL 2022 mega auction: 5 foreign players who can start a bidding war