| Friday, 22nd October 2021, 5:12 pm

ഐ.പി.എല്‍ മെഗാലേലം; ഒരു ടീമിന് നാല് കളിക്കാരെ വരെ നിലനിര്‍ത്താമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഒരു ടീമിന് നാല് കളിക്കാരെ വരെ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 8 ടീമുകള്‍ക്കും നാല് വീതം കളിക്കാരെ നിലനിര്‍ത്താമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.സി.സി.ഐയും ടീമുകളുടെ പ്രതിനിധികളും തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടന്നുവെന്നും, ഇതിലാണ് കളിക്കാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടന്നതെന്നുമാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത സീസണിന്റെ ഭാഗമായി മെഗാ താരലേലമുണ്ടാവുമെന്ന് ബി.സി.സി.ഐ മുന്‍പേ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ 2 പുതിയ ഫ്രാഞ്ചൈസികളും അടുത്ത സീസണില്‍ ഉണ്ടാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

90 കോടിയാണ് ഓരോ ടീമിനും ലേലത്തിനായി അനുവദിക്കുന്നത്. നിലനിര്‍ത്തുന്ന കളിക്കാരുടെ വില ഉള്‍പ്പടെയായിരിക്കും 90 കോടിയുടെ പ്ലെയര്‍ പേഴ്‌സ്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 95 കോടിയാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ ബി.സി.സി.ഐ  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത സീസണില്‍ പുതിയ ടീമിനായി കോട്ടക് ഗ്രൂപ്പടക്കമുള്ള മുന്‍നിര ബിസിനസ് ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. ദീപിക പദുകോണും രണ്‍വീറും പുതിയ സീസണില്‍ ടീമിനായി രംഗത്തെത്തുമെന്നും വാര്‍ത്തകളുണ്ട്.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസര്‍ കുടുംബവും ഐ.പി.എല്ലില്‍ ടീമിനെ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  IPL 2022: Existing Franchises Set to be Allowed Four Retentions – Report

We use cookies to give you the best possible experience. Learn more