IPL 2022
ധോണി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചെന്നൈയില്‍, റെയ്‌നയെ നിലനിര്‍ത്തില്ല; റിഷഭിനെ വിടാതെ ഡല്‍ഹി
സ്പോര്‍ട്സ് ഡെസ്‌ക്
2021 Nov 24, 04:25 pm
Wednesday, 24th November 2021, 9:55 pm

മുംബൈ: വരാനിരിക്കുന്ന ഐ.പി.എല്‍ മെഗാലേലത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് മഹേന്ദ്രസിംഗ് ധോണിയെ നിലനിര്‍ത്തും. ധോണിയെ അടുത്ത മൂന്ന് സീസണിലും നിലനിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധോണിയെക്കൂടാതെ രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തുമെന്ന് ഉറപ്പിച്ചിട്ടുള്ള താരങ്ങള്‍. നാലാമതായി മൊയിന്‍ അലിയെ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാല് താരങ്ങളെയാണ് മെഗാലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിര്‍ത്താനാകുക. മൊയിന്‍ അലി കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ സാം കറനെയായിരിക്കും ചെന്നൈ നിലനിര്‍ത്തുക.

അതേസമയം ഐ.പി.എല്‍ ആരംഭ സീസണ്‍ തൊട്ട് ടീമിനൊപ്പമുള്ള സൂപ്പര്‍താരം സുരേഷ് റെയ്‌നയെ ടീം നിലനിര്‍ത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. താരം കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ നായകന്‍ റിഷഭ് പന്ത് ടീമിനൊപ്പം തുടരും. മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ലേലത്തില്‍ വിട്ടുകൊടുക്കാനാണ് ഡല്‍ഹിയുടെ പദ്ധതി.

അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ത്യെ എന്നിവരെയാകും ഡല്‍ഹി നിലനിര്‍ത്തുക.

നവംബര്‍ 30 നകം ടീമുകളോട് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. ഡിസംബറിലാണ് മെഗാ ലേലം നടക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: IPL 2022: CSK retains Dhoni for three seasons, Jadeja and Gaikwad also stay, Pant to lead Capitals Suresh Raina