ഐ.പി.എല്ലിന്റെ പുതിയ സീസണിന്റെ ആര്‍പ്പും ആവേശവും ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക തിരിച്ച് തന്നെ ആരാധകര്‍ പ്രവചനങ്ങളും തുടങ്ങിയിട്ടുണ്ട്. തന്റെ ഇഷ്ട ടീമിലേക്ക് ആരെല്ലാം വരുമെന്നും എതിരാളികളുടെ ടീമിലേക്ക് ഏതൊക്കെ താരങ്ങള്‍ എത്തുമെന്നും അവര്‍ ഇപ്പോഴെ മനക്കണക്ക് കൂട്ടുന്നുണ്ട്.
ഐ.പി.എല്ലില്‍ മൈതാനങ്ങളെക്കാള്‍ ആവേശം ഇത്തവണ മെഗാലേലത്തിനായിരിക്കും എന്നാണ് ആരാധക പക്ഷം. പുതിയ രണ്ട് ഫ്രാഞ്ചൈസികളും കളത്തിലിറങ്ങിയതോടെ മത്സരവും ലേലവും കൊഴുക്കുമെന്നുറപ്പാണ്.
ടീം മാനേജ്‌മെന്റുകള്‍ ഇപ്പോഴേ ടീമിലെത്തിക്കേണ്ട ഇന്ത്യന്‍-വിദേശ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള താരങ്ങള്‍ മുതല്‍ താരതമ്യേന ചെറിയ അടിസ്ഥാന തുകയുള്ള ഭാവിയിലെ സൂപ്പര്‍ താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.
എന്നാല്‍, ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത് 5 വിദേശ താരങ്ങളിലാണ്. ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ 2 കോടിയാണ് ഇവരുടെ ബേസ് പ്രൈസ്. ഇതിലെന്താണ് ഇത്ര അത്ഭുതപ്പെടാന്‍ എന്നല്ലേ? ഇവര്‍ ഒറ്റ ഐ.പി.എല്‍ മത്സരം പോലും കളിച്ചിട്ടില്ല എന്നതു തന്നെ.
ഇവരാണ് ആ അഞ്ച് താരങ്ങള്‍.
1. ഓഡിയന്‍ സ്മിത്
മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലെ മികച്ച പ്രകടനമാണ് ഓഡിയന്‍ സ്മിത്തിനെ ഫാന്‍ ഫേവറിറ്റ് ആക്കിയത്. ജമൈക്കയില്‍ നിന്നുള്ള ഈ കരീബിയന്‍ താരത്തിന്റെ വമ്പനടികള്‍ സി.പി.എല്ലടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് പരിചിതമാണ്.
ബാറ്റുകൊണ്ട് മാത്രമല്ല, പന്തുകൊണ്ടും മാന്ത്രജാലം കാണിക്കുന്ന മീഡിയം പേസ് ഓള്‍റൗണ്ടറാണ് സ്മിത്. ഇതുവരെ വിന്‍ഡീസിന് വേണ്ടി 3 ഏകദിനങ്ങളും ഏഴ് ടി-20കളുമാണ് താരം കളിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അടക്കമുള്ള ഫ്രാഞ്ചൈസികള്‍ സ്മിത്തിനെ നോട്ടമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസീസിനെ ടി-20 ലോകചാമ്പ്യന്‍മാരാക്കിയ സ്‌ക്വാഡിലെ നിര്‍ണായക ഘടകമായ ആഷ്ടണ്‍ അഗറാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ദേശീയ ടീമിനായി 4 ടെസ്റ്റും 15 ഏകദിനങ്ങളും 40 ടി-20 കളിച്ച അഗര്‍ ആദ്യമായാണ് ഐ.പി.എല്ലിലേക്ക് കാലെടുത്തുവെക്കാനൊരുങ്ങുന്നത്.
19.21 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 43 വിക്കറ്റുകളാണ് ഈ ഇടം കയ്യന്‍ ‘കുത്തിത്തിരിപ്പന്‍’ ബൗളര്‍ സ്വന്തമാക്കിയിട്ടുള്ളത്.
3. ഷാക്കിബ് മഹ്‌മൂദ്
ഇംഗ്ലണ്ടിന്റെ മണ്ണില്‍ നിന്നും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ നിശ്ചയിച്ചാണ് ഷാക്കിബ് മഹ്‌മൂദ് ഇത്തവണ വിമാനം കയറുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയിലെ വിശ്വസ്തനായ ഈ 24കാരന്‍ ധൈര്യപൂര്‍വമാണ് തന്റേത് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി തന്നെയായിരിക്കണമെന്ന് തീരുമാനിച്ചത്.
10.31 എന്ന എക്കോണമിയില്‍ പന്തെറിയുന്ന മഹ്‌മൂദ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.
4. ജെയിംസ് വിന്‍സ്
വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ അനുഭവ സമ്പത്തുമായാണ് വിന്‍സ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ഗ്ലാമറസ് ഫ്രാഞ്ചൈസി ലീഗുകളില്‍ ഒന്നായ ഐ.പി.എല്ലിനിറങ്ങുന്നത്. ക്രിക്കറ്റിലെ ഒരുവിധം എല്ലാ ഫ്രാഞ്ചൈസി ലീഗിലും പ്രതിഭ തെളിയിച്ച ഇംഗ്ലണ്ട് താരം മികച്ച ടി-20 പ്ലെയര്‍ എന്ന രീതിയില്‍ പ്രശസ്തനാണ് ഈ വലംകയ്യന്‍ വമ്പനടിക്കാരന്‍.
തന്റെ കരിയറില്‍ ഒറ്റ അന്താരാഷ്ട്ര ടി-20 മത്സരം പോലും കളിക്കാതൊണ് ക്രെയ്ഗ് ഓവര്‍ട്ടണ്‍ ഐ.പി.എല്ലിനെത്തുന്നത്. ഇംഗ്ലണ്ട് നിരയിലെ വിശ്വസ്തനായ ഓവര്‍ട്ടണ്‍ ആറ് ടെസ്റ്റിലും 4 ഏകദിനത്തിലുമാണ് ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞിട്ടുള്ളത്.