മുംബൈ: 2021 ഐ.പി.എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ, തുടര്‍ച്ചയായി ഏറ്റവും കൂടതല്‍ തവണ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ടീമെന്ന മോശം ഖ്യാതി സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്.
തുടര്‍ച്ചയായ ഏഴാം തവണയാണ് പഞ്ചാബ് പ്ലേ ഓഫ് കടമ്പയില്‍ തട്ടി വീഴുന്നത്. 2015 മുതലുള്ള സീസണുകളില്‍ ഒന്നില്‍ പോലും ആദ്യ 4 സ്ഥാനങ്ങളില്‍ വരാന്‍ പഞ്ചാബിനായിട്ടില്ല.
14 മത്സരങ്ങളില്‍ നിന്നും 6 ജയത്തോടെ ആറാം സ്ഥാനം നേടിയാണ് ടീം ഇപ്രാവശ്യം ഐ.പി.എല്‍ സ്വപ്നങ്ങളോട് വിട പറയുന്നത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടീമെന്ന നിലയില്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.
2014ല്‍ ടീം രണ്ടാം സ്ഥാനക്കാരായതിന് ശേഷം പ്ലേ ഓഫ് പഞ്ചാബിന് കിട്ടാക്കനിയാവുകയായിരുന്നു. 2008ലെ ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ യുവരാജിന്റെ നേതൃത്വത്തില്‍ സംഗക്കാരയുടെയും ജയവര്‍ധനയുടെയും കരുത്തില്‍ ടീം (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) സെമിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് 5 വര്‍ഷം നിരാശപ്പെടുത്തിയതിന് ശേഷമാണ് 2014ല്‍ സെമിയിലും, പിന്നെ ഫൈനലിലും പഞ്ചാബ് പ്രവേശിച്ചത്.
തുടര്‍ച്ചയായി 6 തവണ പ്ലേ ഓഫ് കാണാതെ മടങ്ങിയ ദല്‍ഹി ക്യാപിറ്റല്‍സിന്റെ (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) റെക്കോര്‍ഡാണ് പഞ്ചാബ് തിരുത്തിയത്. 2013 മുതല്‍ 2018 വരെയുള്ള സീസണുകളിലാണ് ദല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായത്.
എന്നാല്‍ പ്രതാപകാലത്തിലേക്ക് മടങ്ങിയെത്തിയ ദല്‍ഹിയേയാണ് പിന്നീടുള്ള സീസണുകളില്‍ കണ്ടത്. 2019ല്‍ മൂന്നാം സ്ഥാനക്കാരായും 2020ല്‍ രണ്ടാം സ്ഥാനക്കാരായുമാണ് ദല്‍ഹി തിരിച്ചു വരവ് നടത്തിയത്. ഈ സീസണിലും പ്ലേ ഓഫിലെത്തിയ ടീം തങ്ങളുടെ കന്നിക്കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ഈ സീസണില്‍ 14 കളികളില്‍ നിന്നും 10 ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ദല്‍ഹി.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മൂന്ന് ടീമുകളാണ് ഇതുവരെ കിരീടം സ്വന്തമാക്കാത്തത്.
പഞ്ചാബ്, ദല്‍ഹി, ബാംഗ്ലൂര്‍ ടീമുകളാണ് ഇനിയും കപ്പില്‍ മുത്തമിടാത്തത്. കിരീട പ്രതീക്ഷകള്‍ സജീവമാക്കി ബാംഗ്ലൂരും ദല്‍ഹിയും കുതിക്കുമ്പോള്‍ മറക്കാനഗ്രഹിക്കുന്ന റെക്കോര്‍ഡും പേറിയാണ് പഞ്ചാബ് ഈ സീസണിനോട് വിട പറയുന്നത്.