അബുദാബി: 2021 ഐ.പി.എല്‍ രണ്ടാം ഭാഗത്തിന്റെ മുന്നോടിയായുള്ള പരിശീലനത്തിനിടെ കുറ്റന്‍ സിക്സറുകള്‍ പായിച്ച് മഹേന്ദ്ര സിങ് ധോണി. ഫോം ഔട്ടായ ധോണി വലിയ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് എന്ന് സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെ വ്യക്തമാണ്.
ഈ ആഗസ്റ്റ് 10 നാണ് ധോണി ചെന്നൈ ടീമിനൊപ്പം ചേര്‍ന്നത്. കൊവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച 2021 ഐ.പി.എല്ലില്‍ 7 മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോണി നേടിയത്.
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍ പുനരാരംഭിക്കുന്നത്. ടൂര്‍ണമെന്റ് തുടരാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ചുരുങ്ങിയ ടീമുകള്‍ മാത്രമാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്.
സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. നായകന്‍ ധോണിയുടെ മികച്ച ക്യാപ്റ്റന്‍സിയെ തുടര്‍ന്നാണ് കഴിഞ്ഞ സീസണില്‍ തകര്‍ന്നടിഞ്ഞ ടീം പുതിയ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഇംഗ്ലണ്ട് താരം മോയിന്‍ അലിയെ മൂന്നാമത് ഇറക്കിയത് ടീമിന് വലിയ ഗുണമായി. പവര്‍ പ്ലേയിലെ അലിയുടെ മികച്ച പ്രകടനവും ജഡേജ, സാം കറന്‍, ബ്രാവോ തുടങ്ങിയവര്‍ക്ക് കൃത്യസമയത്ത് ബാറ്റിങ്ങിന് അവസരം കൊടുത്തതും ടീമിന് മികച്ച മുന്നേറ്റം നല്‍കി.
സെപ്റ്റംബര്‍ 19ന് ബദ്ധവൈരിയായ മുംബൈക്കെതിരെയാണ് ചെന്നൈയുടെ മത്സരം. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ മൂന്ന് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
2008 മുതല്‍ ചെന്നൈ ടീമിന്റെ ഭാഗമായ ധോണി ഈ സീസണോടെ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: IPL 2021: MS Dhoni smacks huge sixes in the nets, sends a warning to opponents