കൊല്‍ക്കത്ത പൊരുതി തോറ്റു
ipl 2021
കൊല്‍ക്കത്ത പൊരുതി തോറ്റു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st April 2021, 11:34 pm

മുംബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പൊരുതി തോറ്റു. കൂറ്റന്‍ തോല്‍വി മുന്നില്‍ക്കണ്ട കൊല്‍ക്കത്തയ്ക്കായി വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് പരാജയഭാരം കുറച്ചത്.

ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത അഞ്ച് പന്ത് ബാക്കിനില്‍ക്കെ 202 ന് എല്ലാവരും പുറത്തായി.

തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. അഞ്ചോവറില്‍ 31 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), രാഹുല്‍ ത്രിപാഠി (8) , ഓയിന്‍ മോര്‍ഗന്‍ (7), സുനില്‍ നരെയ്ന്‍ (4) എന്നിവരാണ് പുറത്തായത്. നാലു വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയുടെ മുന്‍നിരയെ തകര്‍ത്തത്.

എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക്കും (24 പന്തില്‍ 40) ആന്ദ്രെ റസലും (22 പന്തില്‍ 54) 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റസല്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു.

34 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കമ്മിന്‍സ് ജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ, അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു.

60 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ ഋതുതുരാജ് – ഡുപ്ലെസി സഖ്യം കൂട്ടിച്ചേര്‍ത്ത 115 റണ്‍സാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.

സീസണില്‍ ആദ്യമായി ഫോമിലെത്തിയ ഋതുരാജ് 42 പന്തില്‍ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 റണ്‍സെടുത്തു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021 Kolkatha Knight Riders vs Chennai Super Kings