തോറ്റെന്നുറപ്പിച്ച കളി ജയിച്ച് ചെന്നൈ, തോറ്റമ്പി ബാംഗ്ലൂര്‍; ധോണിയെ മെന്ററാക്കിയത് വെറുതെയല്ലെന്ന് സോഷ്യല്‍ മീഡിയ
Cricket
തോറ്റെന്നുറപ്പിച്ച കളി ജയിച്ച് ചെന്നൈ, തോറ്റമ്പി ബാംഗ്ലൂര്‍; ധോണിയെ മെന്ററാക്കിയത് വെറുതെയല്ലെന്ന് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st September 2021, 5:03 pm

മുംബൈ: ഐ.പി.എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് യു.എ.ഇയില്‍ തുടക്കമായിരിക്കുകയാണ്. ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി.

മുംബൈയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച മത്സരമാണ് ചെന്നൈ തിരിച്ചുപിടിച്ചത്. ഓപ്പണര്‍ റിതുരാജ് ഗെയ്ക് വാദിന്റെ പ്രകടനവും മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയുമാണ് ചെന്നൈയ്ക്ക് പായന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ സഹായകമായത്.

മുന്‍നിര തകര്‍ന്നെങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന ഗെയ്ക് വാദ് ടീമിന് പൊരുതാനാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. മുംബൈ ബാറ്റിംഗ് നിരയ്ക്ക് അധികം വിയര്‍ക്കാതെ എത്തിപിടിക്കാവുന്ന ടോട്ടലായിട്ടും ധോണിയുടെ ‘തല’ തടസം നിന്നു.

വിക്കറ്റിന് പിന്നില്‍ ഒരിക്കല്‍ കൂടി കരുത്ത് കാട്ടിയ ധോണി ഡി.ആര്‍.എസിലെ സൂക്ഷ്മതയും കൃത്യമായ ബൗളിംഗ് ചേഞ്ചും ഫീല്‍ഡിംഗും ഒരുക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലാവുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബൗളിംഗിന് മുന്നില്‍ പേരുകേട്ട ബാംഗ്ലൂര്‍ ബാറ്റിംഗ് നിര പത്തിമടക്കുകയായിരുന്നു. 92 റണ്‍സെന്ന ടോട്ടല്‍ പ്രതിരോധിക്കുക പ്രയാസമാണെങ്കിലും കൊല്‍ക്കത്തയ്‌ക്കെതിരെ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി പരാജയമായിരുന്നു.

ഇതോടെയാണ് ടി-20 ലോകകപ്പിലെ ധോണിയുടെ മെന്റര്‍ സ്ഥാനം വീണ്ടും ചര്‍ച്ചയായത്. ഈ അവസ്ഥയില്‍ ധോണി ടീമിനൊപ്പമുണ്ടാകുന്നത് നന്നായെന്നും ബി.സി.സി.ഐയുടേത് ഉചിതമായ തീരുമാനമാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്‌ലി പടിയിറങ്ങും. ഈ സീസണിന് ശേഷം ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്‌ലി രാജിവെക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: IPL 2021: CSK’s Come-From-Behind Win, RCB’s Big Loss Reaffirm BCCI’s Call to have MS Dhoni as Team India Mentor