എല്ലാം ഐ.പി.എല്ലിന് വേണ്ടി; പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഐ.പി.എല്‍ താരങ്ങള്‍ക്ക് 'അവധി' നല്‍കി ന്യൂസിലാന്റ്, അസാധാരണ നടപടി
വെല്ലിംഗ്ടണ്‍: ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം നല്‍കുന്നതിനായി അവധി നല്‍കി ന്യൂസിലാന്റ്. പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കായി ഐ.പി.എല്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കിയാണ് ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിക്കുന്നത്.
മുന്‍നിര താരങ്ങളെ ഐ.പി.എല്ലിനായി ഒഴിവാക്കി ദേശീയ ടീമിന്റെ പര്യടനം തീരുമാനിക്കുന്നത് അസാധാരണ സംഭവമാണ്. വില്യംസണിനെക്കൂടാതെ ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമീസണ്‍, ലൂക്കി ഫെര്‍ഗൂസണ്‍ എന്നിവരേയും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ പര്യടനത്തോടനുബന്ധിച്ചുള്ള ഐ.പി.എല്‍ തീയതികള്‍ വെല്ലുവിളി ഉയര്‍ത്തിയതായി ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ഡേവിഡ് വൈറ്റ് പറഞ്ഞു.
‘ഇത് പ്രായോഗിക സമീപനമാണ്, ഞങ്ങള്‍ എപ്പോഴും ഐ.പി.എല്ലിനെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന പ്രശ്‌നമാണിത്,’ വൈറ്റ് പറഞ്ഞു.
വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതമായിരിക്കും കിവീസിനെ നയിക്കുക. ബംഗ്ലാദേശിനോട് ടി-20 പരമ്പരയും പാകിസ്ഥാനോട് ഏകദിന പരമ്പരയുമാണ് ന്യൂസിലാന്റ് നിശ്ചയിച്ചിട്ടുള്ളത്.
വെറ്ററന്‍ താരം റോസ് ടെയ്‌ലറെ പാകിസ്ഥാന്‍ പര്യടനത്തിലുള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കി. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിന് മുന്നോടിയായി ക്വാറന്റീന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്ന് കരുതിയാണ് ടെയ്‌ലറെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.