| Monday, 21st September 2020, 1:18 pm

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ആ അംപയറിന് നല്‍കൂ; ഡല്‍ഹി-പഞ്ചാബ് മത്സരത്തിലെ മോശം അംപയറിംഗിനെതിരെ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലെ മോശം അംപയറിംഗിനെതിരെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അംപയറിനാണ് നല്‍കേണ്ടതെന്ന് സെവാഗ് പറഞ്ഞു.

‘മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിനുള്ള താരത്തെ തെരഞ്ഞടുത്തതിനോട് എനിക്കു വിയോജിപ്പുണ്ട്. ക്രീസില്‍ തൊട്ടില്ലെന്ന കാരണത്താല്‍ പഞ്ചാബിന്റെ ഒരു റണ്‍ കുറച്ച ആ അംപയറിനാണ് യഥാര്‍ഥത്തില്‍ പുരസ്‌കാരം നല്‍കേണ്ടത്. ആ പിഴവാണ് മത്സരഫലം നിര്‍ണയിച്ചത്’ ,സെവാഗ് കുറിച്ചു.

അടുത്തിടെ ഐ.സി.സിയുടെ എലീറ്റ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി അംപയര്‍ നിതിന്‍ മേനോനാണ് പിഴവു സംഭവിച്ചത്. ആവേശകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ ‘ടൈ’യില്‍ അവസാനിച്ച മത്സരത്തില്‍ അംപയറിന്റെ ഈ പിഴവ് മത്സരഫലത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിവാദം ഉടലെടുത്തത്.

മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ 19ാം ഓവറില്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും നേടിയ ഡബിളില്‍ ഒരു റണ്‍, ജോര്‍ദാന്‍ ക്രീസില്‍ തൊട്ടില്ലെന്ന കാരണത്താല്‍ അപംയര്‍ അനുവദിച്ചിരുന്നില്ല.

എന്നാല്‍, ജോര്‍ദാന്‍ ക്രീസില്‍ തൊട്ടുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് വിവാദം കടുത്തത്. ‘ടൈ’യില്‍ അവസാനിച്ച മത്സരത്തില്‍ അംപയറിന്റെ പിഴവില്‍ നിഷേധിക്കപ്പെട്ട ഈ ഒരു റണ്‍, പഞ്ചാബിന്റെ തോല്‍വിക്കു കാരണമായെന്നാണ് വാദം.

കഗീസോ റബാദ ഡല്‍ഹിക്കായി 19ാം ഓവര്‍ എറിയാനെത്തുമ്പോള്‍ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റണ്‍സ്. ക്രീസില്‍ ഉജ്വല ഫോമിലുള്ള മായങ്ക് അഗര്‍വാളും (49 പന്തില്‍ 65) ക്രിസ് ജോര്‍ദാനും. ആദ്യ പന്തില്‍ മായങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ബൗണ്ടറി കടന്നു.

സൈഡ് ഓഫില്‍ ഫുള്‍ടോസായി മാറിയ പന്ത് അഗര്‍വാള്‍ എക്‌സ്ട്രാ കവറിലേക്ക് തിരിച്ചുവിട്ടു. ഉറപ്പായിരുന്ന രണ്ടു റണ്‍സും ഓടിയെടുത്തു. എന്നാല്‍, സ്‌ക്വയര്‍ ലെഗ് അംപയര്‍ നിതിന്‍ മേനോന്‍ ഇതില്‍ ഒരു റണ്‍ മാത്രമേ അനുവദിച്ചുള്ളൂ. ഓട്ടത്തിനിടെ ക്രിസ് ജോര്‍ദാന്‍ ക്രീസില്‍ സ്പര്‍ശിച്ചില്ലെന്നായിരുന്നു ന്യായം.

പിന്നീട് തുടര്‍ച്ചയായ പന്തുകളില്‍ അഗര്‍വാളും ജോര്‍ദാനും പുറത്തായതോടെ മത്സരം സമനിലയിലായി. തുടര്‍ന്ന് സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ജയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2020: Wrong ‘One-Short’ Call Denies KXIP Victory Over DC, Virender Sehwag Lashes Out

We use cookies to give you the best possible experience. Learn more