ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ നിഷ്പ്രയാസം മറികടന്നു.
ഷെയ്ന്‍ വാട്ട്‌സണിന്റെയും ഹാഫ് ഡുപ്ലെസിയുടെയും ബാറ്റിംഗ് മികവിലാണ് ചെന്നൈ അനായസ വിജയം കരസ്ഥമാക്കിയത്. ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ വാട്ട്സണ്‍ 53 പന്തുകളില്‍ നിന്ന് മൂന്നു സിക്സും 11 ഫോറുമടക്കം 83 റണ്‍സെടുത്തു.
53 പന്തുകള്‍ തന്നെ നേരിട്ട ഡുപ്ലെസി ഒരു സിക്സും 11 ഫോറുമടക്കം 87 റണ്‍സാണെടുത്തത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ തന്നെയാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത് . 52 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 63 റണ്‍സാണ് രാഹുല്‍ എടുത്തത്.
ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ രാഹുലിനെ ധോണി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ 100-ാം ക്യാച്ചെടുക്കുന്ന രണ്ടാമത്തെ താരമായി ധോണി.
മായാങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും ചേര്‍ന്ന് തുടക്കത്തില്‍ ശക്തമായ സഖ്യമുണ്ടാക്കാന്‍ നോക്കിയെങ്കിലും 8.1 ഓവറില്‍ 61 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിയുഷ് ചൗള പുറത്താക്കി.
9 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു മായാങ്കിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ മന്‍ദീപ് സിങ് 16 പന്തില്‍ രണ്ടു സിക്സ് സഹിതം 27 റണ്‍സെടുത്തു. എന്നാല്‍ ജഡേജയുടെ പന്തില്‍ പന്ത്രണ്ടാം ഓവറില്‍ മന്‍ദീപ് പുറത്താക്കുകയായിരുന്നു.
തുടര്‍ന്നിറങ്ങിയ നിക്കോളാസ് പുരനും രാഹുലും ചേര്‍ന്ന് കത്തികയറുകയായിരുന്നു. 17 പന്തുകളില്‍ നിന്ന് പുരന്‍ മൂന്നു സിക്സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്തു. മൂന്നാം 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുലും പുരനും ഉണ്ടാക്കിയത്.