| Tuesday, 7th May 2019, 11:41 pm

ധോണിപ്പടയെ തറപറ്റിച്ച് മുംബൈ കലാശപ്പോരിന്; മുംബൈയ്ക്ക് ആറ് വിക്കറ്റിന്റെ രാജകീയ ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ചെന്നൈയെ ആറ് വിക്കറ്റിന് തറപറ്റിച്ചാണ് മുംബൈയുടെ ഫൈനല്‍ പ്രവേശം. 132 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായി. 54 പന്തില്‍ നിന്നും 71 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും കിഷാനും ചേര്‍ന്നാണ് മത്സരം മുംബൈക്ക് അനുകൂലമാക്കിയത്.

131 റണ്‍സ് എന്ന് വിജയലക്ഷ്യം പിന്തുടര്‍ന്ന മുബൈക്ക് തുടക്കം തന്നെ പിഴച്ചിരുന്നെങ്കിലും സൂര്യകുമാറും കിഷോറുമാണ് മുംബൈയെ രക്ഷിച്ചത്.

മുംബൈയുടെ ബൗളിങ് കരുത്തിന് മുന്നില്‍ തുടക്കം പിഴച്ച ചെന്നൈയെ നായകന്‍ ധോണിയും അമ്പാട്ടി റായിഡും ചേര്‍ന്നാണ് പൊരുതാനുള്ള റണ്‍സിലെത്തിച്ചത്.

നേരത്തെ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 131-4 റണ്‍സാണ് ചെന്നൈ നേടിയത്. ധോണി 29 പന്തില്‍ നിന്ന് 37 റണ്‍സും റായിഡു 37 പന്തില്‍ 47 റണ്‍സും നേടി. ഡുപ്ലസിസും റെയ്‌നയും വാട്സണും പ്രകടനം പുറത്തെടുക്കാതെ പുറത്തായപ്പോള്‍ മുരളി വിജയ് 26 പന്തില്‍ നിന്നും 26 റണ്‍സ് നേടി.

4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹര്‍ നടത്തിയത്.

രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരോടൊപ്പം ചെന്നൈക്ക് ഒരു മത്സരം കൂടിയുണ്ട്. അതിലെ വിജയിയായിരിക്കും ഫൈനലില്‍ മുംബൈയുമായി ഏറ്റുമുട്ടുക.

We use cookies to give you the best possible experience. Learn more