റാഷിദ് ഖാന്‍ ഞങ്ങളുടെ അഭിമാനമാണ്; ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് മോദിയോട് അഫ്ഗാന്‍ പ്രസിഡന്റ്
Cricket
റാഷിദ് ഖാന്‍ ഞങ്ങളുടെ അഭിമാനമാണ്; ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് മോദിയോട് അഫ്ഗാന്‍ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th May 2018, 6:37 pm

കാബൂള്‍: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ മാസ്മരിക പ്രകടനം കാഴ്ച്ച വെച്ച ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് റാഷിദ് ഖാന്‍. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- ഹൈദരബാദ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത് താരത്തിന്റെ ബാറ്റിംഗിലും ബൗളിംഗിലും ഫില്‍ഡിംഗിലുമുള്ള പ്രകടനമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫില്‍ഡിംഗിലും ഒരുപോലെ തിളങ്ങിയ അഫ്ഗാന്‍ താരം ലോകോത്തര താരങ്ങളെ പോലും മറികടക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

താരത്തിന്റെ ഈ പ്രകടനം കണ്ടിട്ടാവണം ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ആവശ്യം ശക്തമായതോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തന്നെ മറുപടി ട്വീറ്റ് ചെയ്തിരുന്നു. എല്ലാ ട്വീറ്റുകളും ഞാന്‍ കണ്ടിട്ടുണ്ട്. പൗരത്വ വിഷയങ്ങള്‍ ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ശനിയാഴ്ച രാവിലെ ഈ ട്വീറ്റ് നീക്കം ചെയ്തു.

ഇതിന് പിന്നാലെയാണ് ഞങ്ങള്‍ താരത്തെ പുറത്ത് കൊടുക്കില്ലെന്ന് വ്യക്തമാക്കി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തന്നെ രംഗത്തെത്തിയത്. മോദിയോട് തമാശ രൂപേണ ട്വിറ്ററിലൂടെയായിരുന്നു ഗനിയുടെ മറുപടി. “”ഞങ്ങളുടെ ഹീറോ റാഷിദ് ഖാനില്‍ അഫ്ഗാനികള്‍ തികഞ്ഞ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കളിക്കാര്‍ക്ക് ഇടം നല്‍കിയതിന് ഇന്ത്യന്‍ സുഹൃത്തുക്കളോട് നന്ദിയുണ്ട്. റാഷീദ് ക്രിക്കറ്റ് ലോകത്തിന് മികച്ചൊരു മുതല്‍ക്കൂട്ടാണ്. ഞങ്ങള്‍ അവനെ പുറത്ത് കൊടുക്കില്ല””- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.