| Thursday, 19th April 2018, 5:16 pm

റിവ്യൂവില്‍ നോ ബോള്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ കാണിച്ചത് മുന്നിലത്തെ പന്ത്; മുംബൈ ബെംഗളുരു മത്സരത്തില്‍ അംപയര്‍ക്ക് പറ്റിയത് ഗുരുതര വീഴ്ച്ച

അലി ഹൈദര്‍

ന്യുദല്‍ഹി: ഐ.പി.എല്ലില്‍ അംപയറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവിന്റെ വിവരങ്ങള്‍ പുറത്ത്.  നോ ബൗള്‍ പരിശോധിക്കാന്‍ വേണ്ടിയുള്ള മൂന്നാം അംപയര്‍ക്ക് നല്‍കിയ റിപ്ലേയില്‍ പരിശോധിച്ചത് തൊട്ട് മുന്നിലത്തെ പന്തായിരുന്നു. ചൊവ്വാഴ്ച നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.

ഭുംറ എറിഞ്ഞ 17 ഓവറിലെ ആറാം പന്തില്‍ ഉമേഷ് യാദവ് ക്യാച്ചിലുടെ പുറത്താവുകയായിരുന്നു. നോ ബോള്‍ ആണോ എന്ന സംശയത്തെത്തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറിന് പരിശോധനയ്ക്ക് കൊടുത്തു. നോ ബോള്‍ പരിശോധിക്കാന്‍ വേണ്ടി കാണിച്ച റീപ്ലേ ഉമേഷ് യാഥവ് നേരിട്ട പന്തായിരുന്നില്ല. റിപ്ലേയില്‍ ഉമേഷ് യാദവ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുന്നതായി കാണാം.

തേര്‍ഡ് അംപയറുടെ ഈ വമ്പന്‍ അബദ്ധം ക്രിക്കറ്റ് ആരാധകരാണ് കണ്ടുപിടിച്ചത്. തെളിവുകളോടെ ട്വിറ്ററില്‍ നിരവധിയാളുകള്‍ ഷെയര്‍ചെയ്യപ്പെട്ടതോടെയാണ് അംപയറുടെ ഗുരുതര വീഴ്ച പുറം ലോകം അറിഞ്ഞത്. ഇത് പിന്നീട് ഇ.എസ്.പി.എന്‍ പരിശോധിച്ച് സ്ഥിരീകരിക്കുകയായിരുന്നു.

Read Also : കൂറ്റന്‍ സിക്‌സിനു എട്ട് റണ്‍സ് വേണമെന്ന ധോണിയുടെ ‘വാദത്തെ’ ട്രോളി മുംബൈ താരം; കുറ്റിതെറിച്ചാല്‍ മൂന്നുവിക്കറ്റ് നല്‍കുമോയെന്ന് മറുചോദ്യം; പിന്തുണയുമായി സ്റ്റൈയ്‌നും

നേരത്തെ മുംബൈ താരം ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയിട്ടും വിക്കറ്റ് അനുവദിക്കാത്തത് നാടകീയ സംഭവങ്ങള്‍ക്ക് കാരണമായിരുന്നു.

മുംബൈ ഇന്നിങ്‌സിന്റെ 19 ാം ഓവറിലായിരുന്നു സംഭവം. ഹര്‍ദ്ദിക്ക് നേരിട്ട ആദ്യ പന്ത് തന്നെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഡീകോക്കിന്റെ കൈകളിലെത്തുകയായിരുന്നു. ഉടന്‍ തന്നെ ബൗളര്‍ ക്രിസ് വോക്‌സും കീപ്പറും അപ്പീല്‍ ചെയ്യുകയും അംപയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന മുംബൈ റിവ്യു വിളിക്കുകയായിരുന്നു.

Read Also : വെല്‍ഡന്‍ സ്റ്റോക്സ്; ഉത്തപ്പയെ ഗാലറി കടത്തിയ ബെന്‍സ്റ്റോക്സിന്റെ ഉജ്ജ്വല ക്യാച്ച്

തേര്‍ഡ് അംപയറിന്റെ വിശകലനത്തിലും ബാറ്റില്‍ പന്ത് ഉരസിയതായി വ്യക്തമായിരുന്നെങ്കിലും അപ്രതീക്ഷിതമായി അംപയര്‍ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോഹ്ലി പ്രതിഷേധവുമായി അംപയറുടെ സമീപത്തെത്തിയെങ്കിലും വിക്കറ്റല്ലെന്ന തീരുമാനത്തില്‍ അംപയേഴ്‌സ് ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നീട് 5 പന്തുകളില്‍ നിന്ന് 17 റണ്‍സാണ് ഹര്‍ദ്ദിക് അടിച്ച് കൂട്ടിയത്.

ഇരു ടീമുകളുടെയും നായകന്മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ 46 റണ്ണിനാണ് മുംബൈ വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഉയര്‍ത്തിയ 214 റണ്ണിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ കോഹ്ലിയിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 166 നേടാനെ കഴിഞ്ഞുള്ളു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more