'രണ്ടും കല്‍പ്പിച്ച് കൊല്‍ക്കത്ത'; പരിശീലക ക്യാമ്പിലെത്തിക്കുന്നത് ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയെ
ipl 2018
'രണ്ടും കല്‍പ്പിച്ച് കൊല്‍ക്കത്ത'; പരിശീലക ക്യാമ്പിലെത്തിക്കുന്നത് ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd April 2018, 10:20 pm

കൊല്‍ക്കത്ത: ടീം വിട്ട ഗൗതം ഗംഭീറിനു പകരം ദിനേഷ് കാര്‍ത്തിക്കിനെ നായകത്വം ഏല്‍പ്പിച്ച കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്‌സെന്ന മുന്‍ ഐ.പി.എല്‍ ചാമ്പ്യന്മാര്‍ പുതുനിരയുമായി കളത്തിലിറങ്ങുന്നത് കപ്പുയര്‍ത്തുക എന്ന ഏക ലക്ഷ്യവുമായാണ്. യുവനിരയും അനുഭവ സമ്പത്തും ഒരുപോലെ ഒത്തുചേരുന്ന ടീം പരിശീലന ക്യാമ്പിലേക്ക് പുതിയൊരു പ്രതിഭയെക്കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.

മുന്നോട്ടുള്ള യാത്ര മാത്രം ലക്ഷ്യം വച്ചിറങ്ങുന്ന കൊല്‍ക്കത്ത ടീം അംഗങ്ങള്‍ക്ക് പ്രചോദനമേകാന്‍ മൈക്ക് ഹോണ്‍ എന്ന പ്രതിഭയെ ക്യാമ്പിനൊപ്പം ചേര്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കളിയില്‍ തോല്‍ക്കാതിരിക്കാന്‍ ആദ്യം മനസ്സിനെ ജയിക്കാന്‍ വേണ്ടിയാണ് ഹോണിന്റെ സഹായം ടീം തേടുന്നത്. ലോകപ്രശസ്ത സാഹസികയാത്രികനാണ് മൈക്ക് ഹോണ്‍.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിലും ദക്ഷിണാഫ്രിക്കക്കാരനായ ഹോണ്‍ പങ്കാളിയായിരുന്നു. അന്നത്തെ പരിശീലകനായ ഗാരി കേഴ്സ്റ്റനാണ് ഹോണിനെ കൊണ്ടുവന്നത്. 2014 ലെ ഫിഫ ലോകചാമ്പ്യന്മാരായ ജര്‍മന്‍ ടീമും ഹോണിന്റെ സേവനം തേടിയിരുന്നു.

2015 വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രക്കയും ഹോണിന്റെ സേവനം തേടിയിരുന്നു. സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള പാഠങ്ങളാണ് ഹോണ്‍ കളിക്കാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ഹോണിന്റെ രീതി.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്‍ കൊല്‍ക്കത്തയില്‍ എത്തിക്കഴിഞ്ഞു. തിങ്കളാഴ്ച പരിശീലനം മൈക്ക് ഹോണ്‍ വീക്ഷിതായും വാര്‍ത്തകളുണ്ട്. സീസണില്‍ മൈക്ക് ഹോണ്‍ ടീമിനൊപ്പമുണ്ടാകുമെന്ന സി.ഇ.ഒ വെങ്കി മൈസൂരും പറഞ്ഞു.