| Thursday, 5th April 2018, 10:32 pm

ഐ.പി.എല്‍; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറുന്നു; പൂരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ലിജിന്‍ കടുക്കാരം

വിവാദങ്ങളുടെ കൂടെ സഞ്ചരിച്ച് നിരവധി താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പതിനൊന്നാം പതിപ്പിന് തിരിതെളിയാന്‍ പോവുകയാണ്. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളുമായാണ് പതിനൊന്നാം സീസണിനു ഏപ്രില്‍ ഏഴിനു മുംബൈയില്‍ തുടക്കം കുറിക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ഐ.പി.എല്ലിന്റെ ആദ്യ ഘട്ടം കഴിഞ്ഞ സീസണോടെയാണ് അവസാനിച്ചത്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി താരങ്ങളില്‍ ഭൂരിഭാഗവും പുതിയ ക്ലബ്ബുകളിലാണ് ഇത്തവണ മത്സരത്തിറങ്ങുന്നത്.

താരങ്ങള്‍ പുതിയ ടീമുകളിലേക്ക് ചേക്കേറിയതിനു പുറമേ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് പരിധി അവസാനിച്ച് തിരിച്ചെത്തിയെന്നതും സീസണിന്റെ പ്രത്യേകതയാണ്. ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തിയതോടെ ഈ ടീമുകള്‍ക്ക് പകരമുണ്ടായിരുന്ന ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സും ഐ.പി.എല്ലില്‍ നിന്നു പുറത്താവുകയും ചെയ്തു.

2007 സെപ്റ്റംബറില്‍ ലളിത് മോദി അധ്യക്ഷനായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വരുന്നത്. 2010 ഏപ്രില്‍ 25 വരെ ആ സ്ഥാനത്ത് തുടര്‍ന്ന മോദിയെ മൂന്നാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ പുറത്താക്കിയിരുന്നു.

വിവാദങ്ങള്‍ വിട്ടൊഴിയാത്ത ടൂര്‍ണ്ണമെന്റാണ് ഐ.പി.എല്‍ എന്ന് നിസംശയം പറയാം. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് താരങ്ങളും ടീമുകളും തന്നെ ടൂര്‍ണ്ണമെന്റിനും ക്രിക്കറ്റിനും പുറത്ത് പോകുന്നതിന് വരെ ഐ.പി.എല്‍ വഴിതെളിയിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീകോടതി സമിതി പിരിച്ച് വിട്ടതിനും താല്‍ക്കാലിക സമിതി രൂപീകരിച്ചതിനും ഐ.പി.എല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഏപ്രില്‍ ഏഴിനു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പതിനൊന്നാം സീസണ്‍ മേയ് 27 നു വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന കലാശപ്പോരാട്ടത്തോടെയാണ് അവസാനിക്കുക. ഗ്രൂപ്പ് ഘട്ടവും രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്ററും കഴിഞ്ഞാണ് മെയ് 27 നു കലാശപ്പോരാട്ടം നടക്കുക.

ഐ.പി.എല്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്നേ ബോള്‍ ടാംപറിങ്ങ് വിവാദത്തിലകപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകന്മാര്‍ അന്താരാഷ്ട് ക്രിക്കറ്റില്‍ നിന്നു പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പകരം താരങ്ങളെ ടീമിലെടുത്ത് നായകന്മാരെയും പ്രഖ്യാപിച്ച് ടീമുകള്‍ പോരാട്ടത്തിനു ഒരുങ്ങിയിരിക്കുകയാണ്.

പത്ത് വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തിനിടയില്‍ ആറു ടീമുകളാണ് ചാമ്പ്യന്‍ പട്ടം അണിഞ്ഞിരിക്കുന്നത്. 2008 ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സാണ് കിരീടത്തില്‍ ആദ്യ മുത്തമിട്ടത്. ഷെയ്ന്‍ വോണിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്ന് കിരീടം നേടിയത്.

2009 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു ഐ.പി.ല്‍ മത്സരങ്ങള്‍ നടന്നത്. മുന്‍ ഓസീസ് താരം ആഡം ഗില്‍ക്രിസ്റ്റ് നയിച്ച ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്സ് അനില്‍ കുംബ്ലെയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി രണ്ടാം സീസണില്‍ കിരീടത്തിന്റെ അവകാശികളായി.

2010 ല്‍ ധോണിയുടെ കീഴില്‍ മഞ്ഞപ്പടയ്ക്കായിരുന്നു കിരീടം സൂക്ഷിക്കാനുള്ള അവകാശം ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കലാശ പോരാട്ടത്തില്‍ മറികടന്നത്.

2011 ല്‍ ചെന്നൈ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തോടെയാണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയായിരുന്നു മഞ്ഞപ്പട ഈ സീസണില്‍ അട്ടിമറിച്ചത്.

2012 ലെ ടൂര്‍ണ്ണമെന്റിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി ചാമ്പ്യന്മാരാകുന്നത്. ചെന്നൈയുടെ ഹാട്രിക് മോഹങ്ങള്‍ക്ക് തടയിട്ടുകൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ കിരീട നേട്ടം. മന്‍വീന്ദര്‍ ബിസ്ലയെന്ന ഇന്ത്യന്‍ താരത്തിന്റെ പോരാട്ട വീര്യം കണ്ട മത്സരത്തില്‍ ബിസ്ലയും ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസും ചേര്‍ന്ന് നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

2013 ലെ ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് വാതുവെപ്പിന്റെ കളങ്കം ക്രിക്കറ്റിന്റെ ശോഭ തന്നെ കെടുത്തുന്ന സാഹചര്യത്തിലേക്കായിരുന്നു നയിച്ചത്. മുംബൈ ഇന്ത്യന്‍സ് ആദ്യമായി കിരീടം നേടിയ സീസണില്‍ ചെന്നൈ ആയിരുന്നു രണ്ടാം സ്ഥാനക്കാര്‍.

2014 ല്‍ തങ്ങളുടെ രണ്ടാമത്തെ കിരീട നേട്ടവുമായാണ് കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെയായിരുന്നു കൊല്‍ക്കത്ത ഇത്തവണ പരാജയപ്പെടുത്തിയത്.

2015 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീട നേട്ടം രണ്ടായി ഉയര്‍ത്തുകയായിരുന്നു.

2016 ല്‍ നടന്ന ഒമ്പതാം സീസണില്‍ കന്നികീരീടം ലക്ഷ്യമിട്ടിറങ്ങിയെ ബാംഗ്ലൂരും സണ്‍ റൈസേഴ്സ് ഹൈദരാബാദും മികച്ച പോരാട്ടമായിരുന്നു ഫൈനലില്‍ കാഴ്ചവെച്ചത്. ഡേവിഡ് വാര്‍ണര്‍ നയിച്ച ഹൈദരാബാദ് കോഹ്ലിയുടെ ബാംഗ്ലൂരിനെ മറികടന്നായിരുന്നു കിരീടം ഉയര്‍ത്തിയത്.

2017 ല്‍ നടന്ന പത്താം സീസണില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍ കിരീടം തിരിച്ച് പിടിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിനു തോല്‍പ്പിച്ചായിരുന്നു മുംബൈ ചാമ്പ്യന്‍ പട്ടം അണിഞ്ഞത്.

പതിനൊന്നാം സീസണ്‍ ആരംഭിക്കുന്നതും കഴിഞ്ഞ തവണ അവസാനിച്ചിടത്തു നിന്നു തന്നെയാണെന്ന് പറയാന്‍ കഴിയും. നിലവിലെ ജേതാക്കളും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ടീമിന്റെ നായകനും കൂട്ടാളികളും ഒരുമിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും തമ്മിലാണ് ഇത്തവണത്തെ ആദ്യ മത്സരം.

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് ഒഴികെ മറ്റു ഏഴു ടീമുകളുടെയും നായകന്മാര്‍ ഇന്ത്യന്‍ താരങ്ങളാണെന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ ടൂര്‍ണ്ണമെന്റിന്. ഡേവിഡ് വാര്‍ണറിനു പകരമായാണ് കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദിന്‍റെ നായക പദവിയിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനു പകരക്കാരനാകാന്‍ ഭാഗ്യം ലഭിച്ചത് ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെയ്ക്കാണ്.

പതിനൊന്നാം സീസണിലെ ടീമുകളും നാകന്മാരും

മുംബൈ ഇന്ത്യന്‍സ്രോഹിത് ശര്‍മ

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- വിരാട് കോഹ്‌ലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ദിനേഷ് കാര്‍ത്തിക്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കെയ്ന്‍ വില്യംസണ്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- ഗൗതം ഗംഭീര്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്- ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- എം.എസ് ധോണി

രാജസ്ഥാന്‍ റോയല്‍സ്- അജിങ്ക്യാ രഹാനെ

ഒട്ടേറെ വിവാദങ്ങള്‍ക്കും അത്ഭുത മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് പണക്കൊഴപ്പിന്റെ മേളയാണെന്ന വാദം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്കും ക്രിക്കറ്റിനും പുതു ജീവന്‍ നല്‍കിയ ടൂര്‍ണ്ണമെന്റാണിതെന്ന കാര്യം വിസ്മരിക്കാന്‍ കഴിയുകയില്ല. പുത്തന്‍ പതിപ്പിന്റെ മാസ്മരിക കാഴ്ചകള്‍ക്കായി ക്രിക്കറ്റ് ലോകത്തോടൊപ്പം നമുക്കും കാത്തിരിക്കാം..

ലിജിന്‍ കടുക്കാരം

We use cookies to give you the best possible experience. Learn more