| Tuesday, 23rd April 2024, 9:08 pm

ഒരു ഇന്നിങ്‌സില്‍ പിറന്ന 17 സിക്‌സറും 13 ഫോറും; ഒരുത്തനും അടുക്കാന്‍ പറ്റാത്ത ഡോമിനേഷന്‍; കൊടുങ്കാറ്റ് വീശിയിട്ട് ഇന്ന് 11 വര്‍ഷം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് 2013ല്‍ ക്രിസ് ഗെയ്ല്‍ പൂനെ വാറിയേഴ്‌സിനെതിരെ ആഞ്ഞടിച്ചത്. പന്തെറിഞ്ഞ ഒരാളെ പോലും വെറുതെ വിടാതെയാണ് ഗെയ്ല്‍ ചിന്നസ്വാമിയില്‍ ചരിത്രം കുറിച്ചത്.

നേരിട്ട 66 പന്തില്‍ നിന്നും പുറത്താകാതെ 175 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 13 ഫോറും 17 സിക്‌സറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. 265.15 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ഗെയ്ല്‍ റണ്ണടിച്ചുകൂട്ടിയത്.

ഗെയ്‌ലാട്ടത്തില്‍ ആര്‍.സി.ബി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു പതിറ്റാണ്ട് കാലം ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡില്‍ തലയുയര്‍ത്തി നിന്നത് ഈ 263 റണ്‍സായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെക്ക് 133 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 130 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ആര്‍.സി.ബി നേടിയത്.

ഇന്നേക്ക് ഈ വെടിക്കെട്ട് ഇന്നിങ്‌സിന് 11 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 11 വര്‍ഷത്തിനിപ്പുറം ക്രിസ് ഗെയ്‌ലിന്റെ കരുത്തില്‍ പിറന്ന പല റെക്കോഡുകളും ഇപ്പോഴും തകരാതെ തലയുയര്‍ത്തി നില്‍ക്കുകയാണ്.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. 2018ല്‍ ആരോണ്‍ ഫിഞ്ച് സിംബാബ്‌വേക്കെതിരെ ഈ നേട്ടം തകര്‍ക്കുമെന്ന് തോന്നിച്ചെങ്കിലും മുന്‍ ഓസീസ് നായകന് ഗെയ്‌ലിനൊപ്പമെത്താന്‍ സാധിച്ചില്ല.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് ഇതില്‍ രണ്ടാമത്തേത്. വെറും 30 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ദല്‍ഹി – ഹിമാചല്‍പ്രദേശ് മത്സരത്തില്‍ 32 പന്തില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് നേടിയ റിഷബ് പന്താണ് പട്ടികയിലെ രണ്ടാമന്‍.

ഒരു ടി-20 മാച്ചില്‍ ബൗണ്ടറികളില്‍ നിന്ന് മാത്രമായി ഏറ്റവുമധികം റണ്‍സ് എന്ന നേട്ടവും ഇപ്പോഴും തകരാതെ ഗെയ്‌ലിന്റെ പേരില്‍ തന്നെ തുടരുകയാണ്. 154 റണ്‍സാണ് ഫോറും സിക്‌സറും മാത്രമായി ഗെയ്ല്‍ സ്വന്തമാക്കിയത്.

ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ ഏറ്റവുമധികം സിക്‌സര്‍ എന്ന റെക്കോഡും 11 വര്‍ഷമായി ഗെയ്‌ലിന്റെ പേരില്‍ തുടരുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ എന്ന നേട്ടം നാല് വര്‍ഷക്കാലമാണ് ഈ ഇന്നിങ്‌സിലൂടെ ഗെയ്ല്‍ കയ്യടക്കിവെച്ചത്. എന്നാല്‍ 2017ല്‍ ഈ റെക്കോഡ് തകരുകയായിരുന്നു.

2017 ഡിംസബര്‍ 12ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് ഈ റെക്കോഡ് തകര്‍ന്നിരുന്നത്. ഈ റെക്കോഡ് തകര്‍ത്തതാകട്ടെ സാക്ഷാല്‍ ഗെയ്‌ലും. ധാക്ക ഡോമിനേറ്റേഴ്‌സിനെതിരെ രംഗപൂര്‍ റൈഡേഴ്‌സിനായി 18 സിക്‌സറുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 69 പന്തില്‍ പുറത്താകാതെ 146 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: IPL: 11 years of Chris Gayle’s brilliant innings against Pune Warriors India

We use cookies to give you the best possible experience. Learn more