വിലകൂടിയ ഐഫോണ്‍ ടച്ചിന് ഗുരുതര പ്രശ്നമുണ്ടെന്ന് ആപ്പിളിന്റെ കുറ്റസമ്മതം; പ്രശ്‌നം ഫ്രീയായി പരിഹരിക്കാം
Tech
വിലകൂടിയ ഐഫോണ്‍ ടച്ചിന് ഗുരുതര പ്രശ്നമുണ്ടെന്ന് ആപ്പിളിന്റെ കുറ്റസമ്മതം; പ്രശ്‌നം ഫ്രീയായി പരിഹരിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 9:22 am

ആപ്പിളിനെ പ്രതിസന്ധിയിലാക്കി നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട് ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. ചില ഐഫോണ്‍ X മോഡലുകള്‍ക്കും 13-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കും പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പൈസ വാങ്ങാതെ ശരിയാക്കി കൊടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഏറ്റവും വില കൂടിയ ഐഫോണ്‍ മോഡലിന്റെ വില 1,449 ഡോളറാണെങ്കില്‍ ഐപാഡിന്റെത് 1,899 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ നിരവധി ക്വാളിറ്റി പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് കണ്ടെത്തിയിരുന്നതായും അവയില്‍ പലതും പരിഹരിച്ചു നല്‍കാന്‍ കമ്പനി തീരുമാനിക്കുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ALSO READ: ശബരിമല യുവതീപ്രവേശം: വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കഴിഞ്ഞ വര്‍ഷം 999 ഡോളര്‍ വിലയുമായി ഇറങ്ങിയ ചില ഐഫോണ്‍ X മോഡലുകളുടെ ഡിസ്പ്ലെകള്‍ക്ക് ടച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയായാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. പ്രശ്നമുള്ള ഭാഗങ്ങള്‍ ഫ്രീയായി റിപ്പെയര്‍ ചെയ്തു നല്‍കുമെന്നും കമ്പനി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലിനു മാത്രമെ ബാധിക്കൂവെന്നും ഈ വര്‍ഷമിറക്കിയ ഐഫോണ്‍ മോഡലുകള്‍ക്ക് ഇതു ബാധകമല്ലെന്നും അവര്‍ പറയുന്നു.

ഈ വര്‍ഷം ജൂണില്‍ ചില മാക്ബുക്കുകളുടെയും മാക്ബുക്ക് പ്രോകളുടെയും കീബോഡുകള്‍ക്ക് പ്രശ്നം കണ്ടെത്തുകയും കമ്പനിക്ക് അവയും ഫ്രീയായി മാറ്റി നല്‍കേണ്ടി വന്നിരുന്നു. 2015 മുതല്‍ അവരുടെ ലാപ്ടോപ്പുകളില്‍ ഘടിപ്പിച്ച കീബോഡുകളുടെ പ്രശ്നം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടൈപ്പു ചെയ്തുകൊണ്ടിരിക്കെ പൊടുന്നനെ കേടാകുന്നതും ടൈപ്പു ചെയ്യുമ്പോള്‍ ആവശ്യത്തിലേറെ ശബ്ദമുയരുന്നു എന്നതുമായിരുന്നു അവയുടെ പ്രശ്നങ്ങള്‍. ഇതേതുടര്‍ന്ന് ഈ വര്‍ഷം ആപ്പിള്‍ കീബോഡുകളുടെ ഡിസൈന്‍ മാറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഐഫോണുകളുടെ ബാറ്ററി മാറ്റിനല്‍കലും കമ്പനി സംഘടിപ്പച്ചിരുന്നു. സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ തങ്ങള്‍ ചില ഐഫോണ്‍ മോഡലുകളുടെ പ്രവര്‍ത്തനക്ഷമത കുറച്ചുവെന്നു സമ്മതിക്കേണ്ടിവന്നതിനു ശേഷമാണ് ഫ്രീയായി ബാറ്ററി മാറ്റി നല്‍കാന്‍ കമ്പനി തീരുമാനമെടുത്തത്. ഈ പ്രശ്നം അമേരിക്കന്‍ സെനറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.