ന്യൂദല്‍ഹി: മികച്ച പൊലീസിങ് നടക്കുന്ന സംസ്ഥാനങ്ങളെ കണ്ടെത്തുന്നതിന് നടത്തിയ സര്‍വേയില്‍ ഏറ്റവും മോശം സ്‌കോര്‍ നേടി ബിഹാര്‍. ഉത്തര്‍ പ്രദേശാണ് തൊട്ടുപിന്നില്‍.
സര്‍വേയിലെ എല്ലാ ഇന്‍ഡക്‌സുകളിലും മോശം പ്രകടനമാണ് ഇരു സംസ്ഥാനങ്ങളും നടത്തിയത്. ആകെയുള്ള 10 പോയിന്റില്‍ ബിഹാര്‍ 5.74, ഉത്തര്‍പ്രദേശ് 5.81 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്.
ഇന്‍ഡിപ്പെന്‍ഡന്റ് തിങ്ക്-ടാങ്ക് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ബിഹാറും യു.പിയും ഏറ്റവും മോശം പൊലീസിങ് നടക്കുന്ന സംസ്ഥാനങ്ങളാണെന്ന് കണ്ടെത്തിയത്.
സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ചിലതുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍വേയില്‍ മികച്ച പ്രകടനം നടത്തിയത്.
ഐ.പി.എഫ് സ്മാര്‍ട്ട് പൊലീസിങ് ഇന്‍ഡക്‌സ് 2021 പ്രകാരം ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മികച്ച സ്‌കോര്‍ നേടി ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് ഏറ്റവും മോശം പൊലീസിങ്് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍.
റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ എന്‍. രാമചന്ദ്രനാണ് ഫൗണ്ടേഷന്‍ പ്രസിഡന്റ്. ഓണ്‍ലൈനായും അല്ലാതെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1.61 ലക്ഷം പേരില്‍ നിന്ന് വിവരം ശേഖരിച്ചാണ് സര്‍വേ നടത്തിയത്.