| Tuesday, 16th January 2018, 5:30 pm

പുതുവൈപ്പിന്‍ ഐ.ഒ.സി എല്‍. എല്‍.പി.ജി സംഭരണശാലക്കുള്ള അനുമതി നേടിയത് രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് റിപ്പോര്‍ട്ട്

റെന്‍സ ഇഖ്ബാല്‍

പുതുവൈപ്പിനിലെ ഐ.ഒ.സി.എല്‍. എല്‍.പി.ജി സംഭരണശാലയുടെ നിര്‍മ്മാണം കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് സലിം അലി ഫൗണ്ടേഷന്‍ പഠന റിപ്പോര്‍ട്ട്. ഐ.ഒ.സി.എല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ പ്രോജക്ടിന്റെ സ്ഥാനത്തിന്റെയും കടലില്‍ നിന്നുള്ള ദൂരത്തിന്റെ കണക്കുകളില്‍ കൃത്രിമം കാണിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ആവശ്യമായ സര്‍ക്കാര്‍ രേഖകളും അനുബന്ധ അനുമതികളും ലഭിക്കാനാണ് ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഏറെ ദോഷം ചെയ്യുമെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയും മറ്റു റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ചു പറയുമ്പോഴും സര്‍ക്കാര്‍ ഈ വിഷയത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ജനങ്ങളുടെ ജീവന്റെ രക്ഷ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിന്റെ അപര്യാപ്തത, പരിസരവാസികള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, തൊഴില്‍ നഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ ഇവിടെ സമരത്തിലാണ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതത്തെ ഇത് വലിയ രീതിയില്‍ ബാധിക്കുമെന്നും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടം നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂണ്‍ 21നു മുഖ്യമന്ത്രി സര്‍വ്വകക്ഷിനേതാക്കളെയും പ്രതിനിധികളെയും പുതുവൈപ്പിന്‍ ഐ.ഒ.സി.എല്‍. നിര്‍മിക്കുന്ന എല്‍.പി.ജി. സംഭരണ കേന്ദ്രത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ പ്രോജക്ടിന്റെ പണി നിര്‍ത്തി വെക്കാനും അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. ജനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ പരിശോധിക്കാനും നിയമലംഘനങ്ങള്‍ അന്വേഷിക്കാനുമാണ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. ദേശീയ ഭൂമി ശാസ്ത്ര പഠനകേന്ദ്രത്തിലെ ഡയറക്ടര്‍ ഡോ. എന്‍ പൂര്‍ണചന്ദ്ര റാവു ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ മുന്‍ ചീഫ് ടൗണ്‍ പ്ലാനറായ ശ്രീ ഈപ്പന്‍ വര്‍ഗീസ്, ശാസ്ത്രജ്ഞനായ ഡോ. കെ.വി തോമസ് എന്നിവരാണ് മറ്റു അംഗങ്ങള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനും അതുമായി ബന്ധപ്പെട്ടു ഉയര്‍ത്തിയ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാനുമാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

പുതുവൈപ്പിനിലെ ഐ.ഒ.സി.എല്‍. എല്‍.പി.ജി സംഭരണശാല

ഈ മൂന്നംഗ സമിതി കഴിഞ്ഞ നവംബറിലാണ് സര്‍ക്കാരിനു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ദേശിയ ഹരിത ട്രിബ്യൂണലിനു മുന്‍പായി സമര്‍പ്പിച്ചെങ്കിലും അവരതു പരിഗണിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സമരസമിതി ചെയര്‍മാനായ ജയ്‌ഘോഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “കേരള സര്‍ക്കാരും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ ഞങ്ങള്‍ ഉന്നയിച്ച പല ആശങ്കകളും നിലവിലുള്ളതാണെന്നു പറയുന്നു. മാത്രമല്ല ഇതുവരെ ഒരു ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്ലാന്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായിട്ടില്ല”. ജയഘോഷ് പറയുന്നു.

കൊച്ചി നഗരത്തിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് പുതുവൈപ്പിന്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജൈവസമൂഹവും ആവാസവ്യവസ്ഥയുമാണ് പുതുവൈപ്പിനിലുള്ളത്. വിലയേറിയ മത്സ്യവര്‍ഗങ്ങളും ഈ ഭാഗത്തു വസിക്കുന്നു. വംശനാശം നേരിടുന്ന സസ്യവര്‍ഗങ്ങളും പക്ഷിവര്‍ഗ്ഗങ്ങളും അധിവസിക്കുന്ന പ്രദേശം കൂടിയാണ് പുതുവൈപ്പിന്‍.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജനവാസ കേന്ദ്രവുമായി 25 കിലോമീറ്റര്‍ അകലത്തില്‍ വേണം പദ്ധതി സ്ഥിതി ചെയ്യാന്‍. എന്നാല്‍ ഇതും ഐ.ഒ.സി.എല്‍. പാലിക്കുന്നില്ല. വെറും 9.23 കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതി ചെയുന്നത്. ഏറെ അപകടസാധ്യതയുള്ള ഈ പ്രോജെക്ടിനായി ഐ.ഒ.സി.എല്‍ ഇതുവരെ ഒരു ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്ലാന്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സംഘം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഐ.ഒ.സി.എല്ലിന്റെ പുതുവൈപ്പിന്‍ പ്രോജക്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്:

ഏറെ അപകടസാധ്യതയുള്ള ഈ പ്രോജെക്ടിനായി ഐ.ഒ.സി.എല്‍ ഇതുവരെ ഒരു ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്ലാന്‍ നല്‍കിയിട്ടില്ല.

  മത്സ്യതൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കാം എന്ന     വാഗ്ദാനം നിറവേറ്റിയിട്ടില്ല.

സമുദ്രചലനവുമായി ബന്ധപ്പെട്ടു ഐ.ഒ.സി.എല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകളും നിലവിലുള്ള       അവസ്ഥയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

• തീരദേശ മണ്ണൊലിപ്പിന് പരിഹാരം കാണാനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 1968 നും 1996 നും ഇടയിലെ വിവരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനു പ്രസക്തിയില്ല.

• 2004 സുനാമി ബാധിച്ച സ്ഥലമാണ് പുതുവൈപ്പിന്‍. എന്നാല്‍ പ്രൊജക്റ്റ് അനുബന്ധമായി ഐ.ഒ.സി.എല്‍ നടത്തിയ പഠനങ്ങളില്‍ ഒന്നും തന്നെ ഈ കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല.

• കടലിലെ ഹൈ ടൈഡ് ലൈനില്‍ നിന്ന് 200 നും 300 നും ഇടയില്‍ അകലം പാലിക്കണം എന്ന് ചട്ടമുണ്ടെങ്കിലും നിലവിലെ പദ്ധതിയില്‍ 200 മീറ്ററിന് ഉള്ളിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

• കാലഹരണപ്പെട്ട കണക്കുകളാണ് ഐ.ഒ.സി.എല്‍ അവരുടെ പല റിപ്പോര്‍ട്ടുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്.

• കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു കൊണ്ടാണ് പ്രോജക്ടിന് ആവശ്യമായ റോഡ് പണിയാന്‍ ഉദ്ദേശിക്കുന്നത്. നശിപ്പിക്കപ്പെട്ടതിനേക്കാള്‍ മൂന്നിരട്ടി നട്ടു പിടിപ്പിക്കേണ്ട ചുമതല തീരദേശ നിയന്ത്രണ നിയമം പ്രകാരം ഐ.ഒ.സി.എല്ലിനുണ്ട്.

• സ്വാഭാവികമായുള്ള ജലനിര്‍ഗ്ഗമനസംവിധാനങ്ങളില്‍ പ്രൊജക്റ്റ് കൊണ്ടുണ്ടാവുന്ന മാറ്റങ്ങള്‍ കാരണം പരിസര പ്രദേശങ്ങളില്‍ വെള്ളപൊക്കം ഉണ്ടാകാവുന്നതാണ്.

• പാരിസ്ഥിതികാഘാത വിലയിരുത്തലില്‍ തീരപ്രദേശത്തെ പാരിസ്ഥിതിക പ്രക്രിയകളില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാകാവുന്ന ആഘാതം കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല.

• ഐ.ഒ.സി.എല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീരദേശ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ പരിഗണിക്കുകയോ താരതമ്യപഠനം നടത്തുകയോ ചെയ്തിട്ടില്ല.

• അപകടം ഉണ്ടാവുന്ന സാഹചര്യത്തില്‍ പരിസരത്തുള്ള ആള്‍താമസമുള്ള പ്രദേശങ്ങളെയും ബാധിക്കാന്‍ ഇടയുണ്ട്.

എല്‍.പി.ജി സംഭരണശാലയുമായി ബന്ധപ്പെട്ടു മൂന്നംഗ കമ്മിറ്റി 2017 സെപ്റ്റംബര്‍ 28 ന് ഇതിനോടനുബന്ധിച്ച വിവിധ പക്ഷക്കാരുമായി ചര്‍ച്ച നടത്തി. ഐ.ഒ.സി.എല്‍. ഒഴികെ മറ്റെല്ലാവരും എല്‍.പി.ജി സംഭരണശാലയുടെ നിര്‍മാണത്തെ എതിര്‍ത്തു. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, അമ്പല-പള്ളി കമ്മിറ്റിയുടെ പ്രതിനിധികള്‍, തൊഴിലാളി യൂണിയനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ജനകീയ സമര സമിതി പ്രവര്‍ത്തകര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത് എന്നിവര്‍ ഉള്‍പ്പെടുന്നു. മുന്‍മന്ത്രിയും എം.എല്‍.എയുമായ ശ്രീ എസ് ശര്‍മ്മ തന്റെ അഭിപ്രായങ്ങള്‍ എഴുതി നല്‍കി. എല്‍.പി.ജി. സംഭവകേന്ദ്രം തീരദേശ ഭൂമിയുടെ ദൃഢതയില്‍ മാറ്റം വരുത്തുമെന്നും അത് തീരദേശവാസികളുടെ ജീവന് അപായം വരുത്തുമെന്നും ശ്രീ. എസ് ശര്‍മയുടെ എഴുത്തില്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകളെ കുറിച്ചും അതുമൂലം ഉണ്ടാകാവുന്ന തീരദേശ പ്രദേശത്തെ മണ്ണൊലിപ്പും ഇതില്‍ പ്രതിപാദിക്കുന്നു. എല്‍.പി.ജി. കൊണ്ടുപോകാനായി ഉപയോഗിക്കാനുദ്ദേശിക്കുന്ന റോഡുകള്‍ മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മഴക്കാലത്തു വെള്ളപ്പൊക്കത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം രേഖപ്പെടുത്തുന്നു.

പുതുവൈപ്പിന്‍ സമരപന്തല്‍ ഇപ്പോഴും സജീവമാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ്. സര്‍ക്കാരിന്റെ പത്തോളം നിബന്ധനകള്‍ ഐ.ഒ.സി.എല്‍ പാലിക്കാത്തതായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ കമ്മിറ്റി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവും നിലവിലുള്ള നിര്‍മ്മാണവും തമ്മില്‍ ഏറെ അന്തരം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ജനമുന്നേറ്റങ്ങള്‍ ഉന്നയിച്ച മിക്ക പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഈ പ്രോജക്ടിന് പ്രാദേശിക അനുമതി നിഷേധിക്കപ്പെട്ടതാണെന്നും പഞ്ചായത്ത് ഇതിനെതിരായി പ്രമേയം പാസാക്കിയിരുന്നെന്നും ജയഘോഷ് പറയുന്നു. “ഇപ്പോള്‍ ഇവിടെ പണിയൊന്നും നടക്കുന്നില്ല. പണി നടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നമ്മള്‍ വീണ്ടും ഉപരോധ സമരത്തില്‍ ഏര്‍പ്പെടും.” 2017 ഫെബ്രുവരി 16നാണ് ഉപരോധ സമരം തുടങ്ങിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വ്യക്തമായ നിലപാടുകളുടെ അഭാവത്തില്‍ അത് ഇപ്പോഴും തുടരുന്നു.

സുരക്ഷാസംവിധാനങ്ങളുടെ അഭാവമാണ് കൂട്ടമായ എതിര്‍പ്പിന്റെ പ്രധാന കാരണം. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവും നിലവിലുള്ള നിര്‍മ്മാണവും തമ്മിലുള്ള അന്തരം പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ഐ .ഒ.സി.എല്‍. തയ്യാറാക്കിയിട്ടുള്ള തീരദേശ സംരക്ഷണ റിപ്പോര്‍ട്ട് അപ്രസക്തമായ കണക്കുകള്‍ വെച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഏറ്റവും പുതിയ കണക്കുകളുടെ സഹായത്തോടെ മാറ്റിതയ്യാറാക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐ.ഒ.സി.എല്‍. പറയുന്നത് അപകടം ഉണ്ടായാല്‍ അത് അവരുടെ മതില്‍കെട്ടിനു അകത്തു മാത്രമായിരിക്കും എന്നാണ്. പക്ഷെ റിപ്പോര്‍ട്ടില്‍ പറയുന്നത് അതിനു നേര്‍വിപരീതമാണ്.

സലിം അലി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പ്രൊജക്റ്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം അനേകയിനം അപൂര്‍വ സസ്യവര്‍ഗങ്ങളുടെയും പക്ഷിവര്‍ഗങ്ങളുടെയും വാസസ്ഥലമാണെന്ന് കണ്ടെത്തി. പുതുവൈപ്പിന്‍ പ്രൊജക്റ്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ജൈവവൈവിധ്യത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്:

• വിലയേറിയ മത്സ്യവര്‍ഗങ്ങള്‍ ഈ ഭാഗത്തു വസിക്കുന്നു. പ്രൊജക്റ്റ് പണികള്‍ തുടങ്ങിയ അവസ്ഥയില്‍ തന്നെ ഇവിടെയുള്ള മത്സ്യവിളവില്‍ വന്‍ വീഴ്ചയാണ് കാണപ്പെട്ടിട്ടുള്ളത്. 2010ല്‍ ഒന്‍പതിനായിരവും പത്തായിരവും കിട്ടിയ മത്സ്യം 2016ല്‍ കിട്ടിയത് വെറും 43 ആണ്.

ഈ പ്രൊജക്റ്റ് വരുന്നതോടു കൂടി തീരപ്രദേശത്തുള്ള 15 ഹെക്ടര്‍ ചതുപ്പ് നിലമാണ് നഷ്ടമാകുക.

• മത്സ്യത്തിന്റെ എണ്ണത്തിലുള്ള വീഴ്ച്ച ചതുപ്പ് നിലം നഷ്ടപ്പെടുന്നതിന്റെ ഭാഗമായി വരുന്ന ഒരു പ്രശ്‌നം മാത്രമാണ്. കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ് തുടങ്ങി മറ്റു പ്രശ്‌നങ്ങള്‍ക്കും ഇത് വഴി ഒരുക്കുന്നതാണ്.

പ്രൊജെക്ടിനും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ടി കണ്ടല്‍കാടുകള്‍ വലിയ രീതിയില്‍ നഷ്ടപ്പെടും. തീരദേശ പ്രദേശത്തെ പരിസ്ഥിതിയില്‍ ഇതുപോലെയുള്ള പദ്ധതികള്‍ സൃഷ്ടിക്കുന്ന നഷ്ടങ്ങള്‍ക്കു പകരം നല്‍കാന്‍ ഒരു വ്യവസായത്തിനും കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പരിസ്ഥിതിയെ ഒട്ടും പരിഗണിക്കാതെയാണ് ഈ സ്ഥലം സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്താണ് ഐ.ഒ.സി.എല്‍. നിര്‍മിക്കുന്ന എല്‍.പി.ജി. സംഭരണ കേന്ദ്ര പദ്ധതി

എല്‍.പി.ജി ഇറക്കുമതി ചെയ്ത് അത് 2.8 കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ പൈപ്പ്ലൈനിലൂടെ എല്‍.പി.ജി. ടാങ്കുകളിലേക്കു മാറ്റി സൂക്ഷിക്കുന്നതാണ് ഐ.ഒ.സി.എല്‍. എല്‍.പി.ജി. സംഭരണ പദ്ധതി. ഇതിന്റെ ഭാഗമായി ഏകദേശം 500 ലോറികള്‍ ദൈനംദിനം കേരളത്തില്‍ അങ്ങോളമിങ്ങോളമായി എല്‍.പി.ജി. എത്തിക്കും.

റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more