| Thursday, 19th December 2019, 3:43 pm

അര്‍ധരാത്രിയില്‍ നിരോധനാജ്ഞ; പുതുവെപ്പിന്‍ എല്‍.പി.ജി സംഭരണശാല നിര്‍മ്മാണം പുനരാരംഭിക്കുന്നു: ജനങ്ങള്‍ വീണ്ടും സമരത്തിലേക്ക്

അന്ന കീർത്തി ജോർജ്

പുതുവൈപ്പിന്‍: രണ്ട് വര്‍ഷം മുന്‍പ് വലിയ ജനകീയ സമരങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച പുതുവൈപ്പിനിലെ എല്‍.പി.ജി സംഭരണശാലയുടെ നിര്‍മ്മാണം തിങ്കളാഴ്ചയോടെ പുനരാംരംഭിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞക്ക് ശേഷമാണ് പണികള്‍ തുടങ്ങിയത്. തുടര്‍ന്ന് ജനവാസകേന്ദ്രമായ പുതുവൈപ്പിനില്‍ നിന്നും സംഭരണശാല മാറ്റുക എന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് പുതുവൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

പുതുവൈപ്പിന്‍ അടക്കം 11 വാര്‍ഡുകള്‍ അടങ്ങുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ഇവിടെ നാലോ അതിലധികമോ ആളുകള്‍ക്ക് ഒത്തുചേരാന്‍ അനുവാദമില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആളുകളെ അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിക്കും. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രഖ്യാപിച്ച ശേഷമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഐ.ഒ.സി.എല്ലിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസിനൊഴികെ മറ്റാര്‍ക്കും പ്രവേശനമില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ നടക്കുന്നത്. പ്രദേശത്ത് രണ്ടായിരത്തോളം പൊലീസുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശവാസികള്‍ക്കാര്‍ക്കും തന്നെ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല.

എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സമരം ആരംഭിക്കുന്നതിന് അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് മാലിപ്പുറം ജംഗ്ഷനിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുത്. ശനിയാഴ്ച പദ്ധതി പ്രദേശത്തേക്ക് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സമാധാനപരമായ രീതിയില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി ഡൂള്‍ന്യൂസിനെ അറിയിച്ചു.

സ്വകാര്യസ്ഥലത്ത് കെട്ടിയിരുന്ന പഴയ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റിയെന്നും സമിതി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സംഭരണശാല പുതുവൈപ്പിനില്‍ നിന്നും മാറ്റുക എന്ന വര്‍ഷങ്ങളായുള്ള നിവാസികളുടെ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് സമരസമിതി അംഗങ്ങള്‍ അറിയിച്ചു.

കൂടാതെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടികളെ സംബന്ധിച്ചുള്ള മറ്റ് ചില ആശങ്കളും സമരസമിതി ചെയര്‍മാന്‍ ജയഘോഷ് എം.ബി ഡൂള്‍ന്യൂസിനോട് പങ്കുവെച്ചു. ’22-12-2007ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഐ.ഒ.എല്‍.സിക്ക് അനുകൂലമായി വിധിച്ചിരുന്നു. ഏകാംഗബെഞ്ചിന്റെ വിധികള്‍ക്ക് നിയമസാധുതയില്ല എന്ന് കഴിഞ്ഞ വര്‍ഷം വന്ന സുപ്രീംകോടതി വിധിയോടെ ഈ അനുകൂലവിധിക്ക് നിയമസാധുത ഇല്ലാതായി. ഇത് പ്രകാരം കേരള ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പരിഗണനിയിലിരിക്കയാണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. ‘ ജയഘോഷ് ചൂണ്ടിക്കാണിച്ചു.

‘ഐ.ഒ.എല്‍.സി പറയുന്ന ഹരിത ട്രിബ്യൂണല്‍ വിധിക്ക് നിയമസാധുതയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ നല്‍കിയിട്ടാല്ലാത്ത സാഹചര്യത്തില്‍ ടെര്‍മിനല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നതിന് സാങ്കേതികമായി തടസ്സങ്ങള്‍ ഇല്ല. പക്ഷെ ഈ ട്രിബ്യൂണല്‍ വിധിയില്‍ പറഞ്ഞിരിക്കുന്ന സുരക്ഷനിര്‍ദ്ദേശങ്ങള്‍ ഐ.ഒ.എല്‍.സി ഇപ്പോഴും പാലിച്ചിട്ടില്ല.’ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പദ്ധതിയുടെ 45% പൂര്‍ത്തിയായിട്ടുണ്ടെും 18 മാസത്തിനുള്ളില്‍ ബാക്കിയുള്ള എല്ലാ പണികളും തീര്‍ക്കാനാണ് ലക്ഷ്യമിടുതെന്നും ഐ.ഒ.എല്‍.സി അധികൃതര്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. എന്നാല്‍ ചെളി നിറഞ്ഞുകിടക്കുന്ന ചുറ്റുമതില്‍ പോലും പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ് പദ്ധതി പ്രദേശം. കൂടെയുള്ള മറ്റ് ചില പദ്ധതികളെ കൂടി ഉള്‍ച്ചേര്‍ത്താണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുതെന്നും അദ്ദേഹം പറയുന്നു.

ആഗോളനിലവാരമുള്ള സുരക്ഷസംവിധാനങ്ങളാണ് ടെര്‍മിനലില്‍ ഒരുക്കിയിരിക്കുതെന്നും പദ്ധതിയുടെ മൊത്തം തുകയുടെ മൂന്നിലൊന്ന് ഇതിനായാണ് ചിലവാക്കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പി.ഡി.ഐ.എല്‍ എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഐ.ഒ.സി.എല്‍ ഇത് സാധൂകരിക്കാന്‍ സമര്‍പ്പിച്ചിരുത്.

പക്ഷെ പല സുരക്ഷാഭീഷണികളും കുറച്ച് കാണിച്ചുകൊണ്ടുള്ള പഠനമാണിതെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാന ഫൗണ്ടേഷന്‍ മേധാവിയും പരിസ്ഥിതി വിദഗ്ദ്ധനുമായ സാഗര്‍ ധാര കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പൈപ്പ് ലൈനില്‍ ചോര്‍ച്ച ഉണ്ടായാല്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെയും പി.ഡി.ഐ.എല്‍ ഒഴിവാക്കിയിരിക്കുകയാണെും സാഗര്‍ ധാര റിപ്പോര്‍ട്ടില്‍ പറയുന്നു. വൈപ്പിന്‍ പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ എല്‍.പി.ജി സംഭരണശാലകളും പൈപ്പ് ലൈനുകളും വരന്നുത് വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തിലുണ്ട്.

ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച ഐ.ഒ.സി.എല്‍ സമര്‍പ്പിച്ച ആഘാതപഠന റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ തന്നെ നിയമിച്ച മൂന്നംഗസമിതി നടത്തിയ നിര്‍ദ്ദേശങ്ങള്‍ പോലും പൂര്‍ണ്ണമായി പാലിക്കപ്പെട്ടില്ല എന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.

‘എന്തെങ്കിലും അപകടം നടന്നാല്‍ ഈ ജനങ്ങളെ എങ്ങിനെ സുരക്ഷിതരാക്കുമെന്നതിന് യാതൊരു നടപടിയും ഇപ്പോഴും ആയിട്ടില്ല.’ സമരസമിതിയംഗം മാഗ്ലിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.പി.ജി ടാങ്കര്‍ ലോറികള്‍ നിരത്തിലൂടെ ഓടുന്നത് വഴിയുണ്ടാക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പൈപ്പ് ലൈന്‍ പദ്ധതികള്‍ ആരംഭിക്കുന്നതെന്നാണ് ഐ.ഒ.എല്‍.സി തുടക്കം മുതല്‍ പറയുന്നത്. മാംഗ്ലൂരില്‍ നിന്നും 75,000 ഓളം ടാങ്കര്‍ ലോറികളാണ് എല്‍.പി.ജി നിറച്ച് ഓരോ ദിവസവും കേരളത്തിലൂടെ ചീറിപ്പായുന്നത്. ഇത്തരം ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെട്ടെ 60 അപകടങ്ങളാണ് കേരളത്തില്‍ നടന്നത്. അപ്പോഴെല്ലാം എല്‍.പി.ജി ചോര്‍ച്ച സംബന്ധിച്ച് ജനങ്ങള്‍ ആശങ്കാകുലരായി. ഇതിന് പരിഹാരമായാണ് റോഡിലൂടെ എല്‍.പി.ജി കൊണ്ടുപോകുന്നത് പൂര്‍ണ്ണമായും നിര്‍ത്താനുള്ള ഉദ്ദേശവുമായി ഐ.ഒ.സി.എല്‍ കൊച്ചി – സേലം എല്‍.പി.ജി പൈപ്പ് ലൈന്‍ പദ്ധതിയുമായി വരുന്നത് എന്നാണ് ഐ.ഒ.എല്‍.സി ഉന്നതോദ്യാഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ രേഖകളില്‍ എല്‍.പി.ജി ഇറക്കുമതി ചെയ്ത് അത് 2.8 കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ പൈപ്പ്‌ലൈനിലൂടെ എല്‍.പി.ജി. ടാങ്കുകളിലേക്കു മാറ്റി സൂക്ഷിക്കുന്നതാണ് ഐ.ഒ.സി.എല്‍. എല്‍.പി.ജി. സംഭരണ പദ്ധതി. ഇതിന്റെ ഭാഗമായി ഏകദേശം 500 ലോറികള്‍ ദൈനംദിനം കേരളത്തില്‍ അങ്ങോളമിങ്ങോളമായി എല്‍.പി.ജി. എത്തിക്കും.

‘എട്ട് ടാങ്കര്‍ ലോറികളില്‍ എല്‍.പി.ജി നിറക്കുന്നതിനുള്ള രണ്ട് സംഭരണികളാണ് പുതുവൈപ്പിനില്‍ നിര്‍മ്മിക്കുന്നത്. സേലത്തിലേക്ക് പൈപ്പ് ലൈന്‍ വരുമെന്ന് പറയുന്നു. പക്ഷെ ഇതിന് തമിഴ്നാടിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. എറണാകുളത്തിലേക്കുള്ള പൈപ്പ് ലൈനിലുള്ള പദ്ധതി പോലും രൂപപ്പെട്ടിട്ടില്ല. മാംഗ്ലൂരിന് പകരം കൊച്ചി റോഡുകള്‍ ഉപയോഗിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളു.’ ജയഘോഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

2017ലാണ് പുതുവൈപ്പിന്‍ ജനത നടത്തിയ കടുത്ത പ്രക്ഷോഭങ്ങളെ തുടര്‍ന്ന് എല്‍.പി.ജി സംഭരണശാലയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചത്. ജനങ്ങളുടെ ജീവന്റെ രക്ഷ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനിന്റെ അപര്യാപ്തത, പരിസരവാസികള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍, തൊഴില്‍ നഷ്ടം തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ ഇവിടെ 2009 മുതല്‍ ഇവിടെ സമരത്തിലായിരുന്നു.

DOOLNEWS VIDEO

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more