[share]
[]ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.
അഴിമതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്.
എന്‍.രാമചന്ദ്രനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.
മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. ഒളിമ്പികിലെ വിലക്ക് ഇന്ത്യക്ക് വലിയ മാനക്കേടാണ് ഉണ്ടാക്കിയിരുന്നത്.
വിലക്ക് നീക്കിയതായി ഐ.ഒ.സി ഭാരവാഹികള്‍ ടെലിഫോണ്‍ വഴി അറിയിക്കുകയായിരുന്നുവെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു.
അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ വിലക്കു മൂലം റഷ്യയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വതന്ത്രരായാണ് മത്സരിയ്ക്കുന്നത്.
ഒളിമ്പിക് പ്രസ്ഥാനത്തില്‍ തിരിച്ചെത്താനായി ഐ.ഒ.സി.യുടെ മേല്‍നോട്ടത്തില്‍ സപ്തംബര്‍ ഒന്നിനകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണം എന്നായിരുന്നു ഇന്ത്യക്ക് ലഭിച്ചിരുന്ന നിര്‍ദേശം.
ഇത് അംഗീകരിക്കാന്‍ ഐ.ഒ.എ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ ഐ.ഒ.സി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഐ.ഒ.എ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.