കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായി. മന്ത്രി എ.കെ.ശശീന്ദ്രന്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തിരുവനന്തപുരം: നാലുദിവസമായി തുടര്‍ന്നുവന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റുകളിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം, കോഴിക്കോട് പ്ലാന്റുകളിലെ ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാരുടെ സമരമാണ് ഒത്തുതീര്‍പ്പായയത്. കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായി. മന്ത്രി എ.കെ.ശശീന്ദ്രന്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതല്‍ ടാങ്കര്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് തൊഴിലാളി പ്രതിനിധികളും ടാങ്കര്‍ ഉടമകളും അറിയിച്ചു.
നിലവിലെ ടെണ്ടര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതതനുസരിച്ച് ഡിസംബര്‍ 3 വരെ ടെണ്ടര്‍ നടപടികള്‍ നീട്ടിവെച്ചു.
ഐ.ഒ.സി ടാങ്കര്‍ ഡ്രൈവര്‍മാരുടെയും ട്രക്കുടമകളുടെയും സമരം അഞ്ചാംദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളും അടച്ചിരുന്നു. കമ്പനി നേരിട്ടു നടത്തുന്ന ചില പമ്പുകളില്‍ മാത്രമാണ് ഇന്ധനമുണ്ടായിരുന്നത്.
സംസ്ഥാനത്തെ ഇന്ധന വിപണിയുടെ 48 ശതമാനവും ഐ.ഒ.സിയ്ക്കാണ്. ആകെയുള്ള 1900 പെട്രോള്‍ പമ്പുകളില്‍ 900 പമ്പുകളാണ് ഐഒസിയ്ക്കുള്ളത്.
സ്പീഡ് സെന്‍സര്‍ തര്‍ക്കം പരിഹരിക്കുക, ലോറി വാടക 51 രൂപയില്‍ നിന്ന് 39 ആക്കിയത് പിന്‍വലിക്കുക, എല്ലാ ലോറികള്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്.
ഐഒസിയിലെ തൊഴിലാളികള്‍ക്ക് പുറമെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.പി.സി.എല്ലിലെ തൊഴിലാളികളും സമരത്തിനൊരുങ്ങുന്നതായും സൂചനയുണ്ട്.