ഐ.ഒ.സി ടാങ്കര്‍ലോറി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
Daily News
ഐ.ഒ.സി ടാങ്കര്‍ലോറി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2016, 7:50 pm

കൊച്ചി: പുതിയ ടെണ്ടര്‍ വ്യവസ്ഥയെ ചൊല്ലി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ടാങ്കര്‍ തൊഴിലാളികളും ഉടമകളും നടത്തിവന്ന സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

ഓണംവരെ പുതിയ കരാറെടുക്കില്ല. ഓണത്തിന് ശേഷം പ്രീ ടെണ്ടര്‍ മീറ്റിങ് നടത്തി വ്യവസ്ഥകളില്‍ തീരുമാനമെടുക്കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ തുടങ്ങിയ സമരമാണ് മറ്റ് കമ്പനികളിലേക്കും വ്യാപിച്ചത്.

കൊച്ചി റിഫൈനറിയിലെ ലോറി സമരത്തെ തുര്‍ന്ന് സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങിയിരുന്നു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലേക്കുളള ഇന്ധന വിതരണം സമരം മൂലം നിലച്ചിരുന്നു.

ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കരാര്‍ ലഭിക്കുന്നതിന് കമ്പനി കൊണ്ടുവന്ന പുതിയ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച്ച മുതല്‍ ടാങ്കര്‍ ഉടമകളും ജീവനക്കാരും സമരമാരംഭിച്ചത്.

ടെണ്ടറില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് തന്നെ മൊത്തം ടാങ്കറുകളുടെ 10 ശതമാനം വരെ വിളിക്കാമെന്ന വ്യവസ്ഥ വന്‍കിടക്കാരെ മാത്രം സഹായിക്കാനാണെന്നായിരുന്നു സമരക്കാരുടെ ആരോപണം.

ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെങ്കിലും ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍ലിക്കുകയാണെന്ന് സമരസമിതിക്കാര്‍ പറഞ്ഞു. എറണാകുളത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഐ.ഒ.സിയിലെ സമരവും പിന്‍വലിച്ചു.

പ്രതിസന്ധി ഒഴിവാക്കാന്‍ അവധി ദിവസമായ ഞായറാഴ്ച്ചയും ഇന്ധനനീക്കം നടത്തുമെന്ന് സമരസമിതിക്കാര്‍ അറിയിച്ചു.