ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഐ.ഒ.സിയുടെ അന്ത്യശാസനം
DSport
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഐ.ഒ.സിയുടെ അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2013, 11:23 am

[]ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ അന്ത്യശാസനം.

കുറ്റാരോപിതരായവര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തില്ലെങ്കില്‍ ഇന്ത്യയുടെ അംഗീകാരം റദ്ദാക്കുമെന്നാണ് താക്കീത്. ഡിസംബര്‍ പത്തിനകം ഭേദഗതി നിലവില്‍ വരണം.

കഴിഞ്ഞ ഒക്ടോബര്‍ 27-ന് ഒളിമ്പിക് അസോസിയേഷന്റെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പാസാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഐ.ഒ.സി വിസമ്മതിച്ചു. കുറ്റാരോപിതരാകുന്നവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുന്നതിന് പകരം എത്തിക്‌സ് കമ്മീഷന്റെ പരിഗണനയ്ക്ക് വിടാമെന്നും കമ്മീഷന്റെ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ അവരെ പദവിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്നായിരുന്നു അസോസിയേഷന്‍ നിര്‍ദ്ദേശം.

ഇത് ഐ.ഒ.സിയുടെ നിര്‍ദ്ദേശങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ തീരുമാനം തള്ളിയത്.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കടുംപിടുത്തം തുടര്‍ന്നാല്‍ ഇന്ത്യയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഐ.ഒ.സിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു കഴിഞ്ഞു.

ഇന്ത്യയുടെ അംഗീകാരം റദ്ദായാല്‍ കായികതാരങ്ങള്‍ക്ക് ഒളിമ്പിക്‌സും ഏഷ്യന്‍ ഗെയിംസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല.