| Wednesday, 17th November 2021, 1:12 pm

മത്സരത്തില്‍ നിന്നും ഒരാളേയും മാറ്റിനിര്‍ത്തരുത്; ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് അത്‌ലിറ്റുകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഒളിംപിക് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൊസെയ്ന്‍: ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ അത്‌ലിറ്റുകള്‍ക്ക് വേണ്ടി പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി. ചൊവ്വാഴ്ചയാണ് ഒളിംപിക് കമ്മിറ്റി ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ചട്ടക്കൂട് തയ്യാറാക്കിയത്.

സര്‍ജറി, ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യം എന്നിവയൊന്നും കണക്കിലെടുക്കാത്തതാണ് പുതിയ രീതി.

മത്സരങ്ങളില്‍ നിന്നും ഒരു അത്‌ലറ്റിനേയും മാറ്റി നിര്‍ത്തരുതെന്നും ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പ്രത്യേകിച്ച് പരിഗണനയോ അവഗണനയോ ലഭിക്കരുതെന്നും പുതിയ മാര്‍ഗരേഖ പുറത്തുവിട്ട് ഒളിംപിക് കമ്മിറ്റി പ്രസ്താവന നടത്തി.

തങ്ങളുടെ ജെന്‍ഡര്‍ കാറ്റഗറിയില്‍ മത്സരിക്കണമെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലിറ്റുകള്‍ സര്‍ജറി പൂര്‍ത്തിയാക്കിയിരിക്കണം എന്നായിരുന്നു 2004 വരെ ഒളിംപിക് കമ്മിറ്റിയുടെ നിയമം. എന്നാല്‍ പിന്നീട് 2015 മുതല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് കാറ്റഗറി നിര്‍ണയിച്ചിരുന്നത്.

ഇതിനെ രണ്ടിനേയും പൊളിച്ചെഴുതുന്നതാണ് കമ്മിറ്റി പുറത്തിറക്കിയ പുതിയ ചട്ടക്കൂട്. എന്നാല്‍ ഇത് നിയമമായി അടിച്ചേല്‍പ്പിക്കില്ല എന്നതിനാല്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് അത്‌ലിറ്റുകളുടെ യോഗ്യത സംബന്ധിച്ച കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള അവകാശവും കമ്മിറ്റി നല്‍കുന്നുണ്ട്.

”പെട്ടെന്ന് ഒരു നിഗമനത്തിലേയ്ക്ക് എടുത്ത് ചാടുക എന്നതിനപ്പുറം ചര്‍ച്ചകളും നിര്‍ദേശങ്ങളുമാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാനുള്ളത്,” ഐ.ഒ.സി അത്‌ലിറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കെവെഹ് മെഹ്‌റബി പറഞ്ഞു.

250ലധികം അത്‌ലിറ്റുകളെ സമീപിച്ച് അവരുടെ അഭിപ്രായം തേടി, രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് കമ്മിറ്റി പുതിയ ചട്ടക്കൂട് തയ്യാറാക്കിയത്. വിവിധ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, മനുഷ്യാവകാശം, നിയമം, മെഡിക്കല്‍ എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവരുടേയും അഭിപ്രായങ്ങള്‍ ഒളിംപിക് കമ്മിറ്റി തേടിയിരുന്നു.

2020 ടോക്കിയോ ഒളിംപിക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലിറ്റുകള്‍ പങ്കെടുത്തതിന് പിന്നാലെയാണ് കമ്മിറ്റി ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: IOC introduced new framework for transgender, intersex athletes

We use cookies to give you the best possible experience. Learn more