| Friday, 4th October 2019, 11:42 pm

'ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വിരമിച്ച ഉദ്യോഗസ്ഥരെ ലക്ഷ്യം വെക്കുന്നു'; ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ധനമന്ത്രാലയത്തിലെ നാല് മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വിരമിച്ച 71 ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത്തരം നടപടികള്‍ സത്യസന്ധരായ ഉദ്യാഗസ്ഥരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇടയാക്കുമെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, മുന്‍ വിദേശ കാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, പഞ്ചാബ് മുന്‍ ഡി.ജി.പി ജൂലിയോ റിബെയ്റോ എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ചത്.

ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിരമിച്ച ഉദ്യോഗസ്ഥരെ ലക്ഷ്യം വെക്കുന്നുവെന്ന് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് നല്‍കിയ എഫ്ഐ.പി.ബി ക്ലിയറന്‍സുമായി ബന്ധപ്പെട്ട് മുന്‍ എന്‍.ഐ.ടി.ഐ ആയോഗ് സി.ഇ.ഒ സിന്ധുശ്രീ കുല്ലറിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം സി.ബി.ഐക്ക് അനുമതി നല്‍കിയിരുന്നു.

സിന്ധു കുല്ലറിനെ കൂടാതെ അനൂപ് കെ പൂജാരി,
രബീന്ദ്ര പ്രസാദ്, പ്രബോദ് സക്‌സോന തുടങ്ങിയ മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നല്‍കിയിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, തുടര്‍ന്ന് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more