ന്യൂദല്‍ഹി: രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നടക്കുന്നതെന്നാരോപിച്ച് കാര്‍ത്തി ചിദംബരം. തീഹാര്‍ ജയിലില്‍ മുന്‍ കേന്ദ്രധനമന്ത്രിയും പിതാവുമായ പി.ചിദംബരത്തെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ത്തി ചിദംബരത്തിനൊപ്പം അമ്മ നളിനിയും ഒപ്പമുണ്ടായിരുന്നു.
‘ഞാന്‍ വന്നത് എല്ലാ ആഴ്ചയിലെയും പോലെ അച്ഛനെ കാണാനാണ്. അദ്ദേഹം നല്ല ഉന്മേഷവാനാണ്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് ഈ നടപടിക്രമങ്ങള്‍ നടത്തുന്നത്. വ്യാജ അന്വേഷണമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്’. കാര്‍ത്തി ചിദംബരം പറഞ്ഞു.
‘മുന്‍ ആഭ്യന്തര മന്ത്രിയെയും മുന്‍ ധനമന്ത്രിയെയും രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി മനഃപൂര്‍വം കസ്റ്റഡിയില്‍ വെക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത കേസാണിത്.2006ല്‍ സംഭവിച്ചു എന്ന് ആരോപിക്കുന്ന ഇടപാട് തന്നെ വ്യാജമാണ്’. കാര്‍ത്തി ചിദംബരം പറഞ്ഞു.
ഇവിടെ നടക്കുന്നതു മുഴുവന്‍ ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ത്വരയോടുകൂടി നോക്കിക്കാണുന്ന ചില ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു വേണ്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് 20 തവണയോളം ചിദംബരത്തിന് സമന്‍സ് അയച്ചിട്ടുണ്ട്. ഇത് അര്‍ത്ഥശൂന്യമായ പ്രവൃത്തിയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യുന്നതിനായി തീഹാര്‍ ജയിലില്‍ വെച്ച് പി.ചിദംബരത്തെ ഇന്ന് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു.
പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ദല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.
ചിദംബരത്തെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.