ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ബാബ്‌രി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ എല്ലാവരേയും വിളിക്കണമെന്ന് ഹിന്ദുധര്‍മ്മ സേന. ഭൂമിപൂജാ ചടങ്ങില്‍ കേസില്‍ പ്രതികളായ എല്ലാവരേയും ആദരിക്കണമെന്ന് കേസിലെ പ്രധാനപ്രതികളിലൊരാളും ഹിന്ദുധര്‍മ്മസേന പ്രസിഡണ്ടുമായ സന്തോഷ് ദുബെ പറഞ്ഞു.
ഇതിനായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ആഗസ്റ്റ് 5 നാണ് അയോധ്യയില്‍ ഭൂമിപൂജയും കല്ലിടല്‍ കര്‍മ്മവും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
‘ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളായ 32 കര്‍സേവകരേയും അവരുടെ കുടുംബങ്ങളേയും ചടങ്ങില്‍ പങ്കെടുപ്പിക്കാനാകുമെന്ന് ട്രസ്റ്റ് ഉറപ്പിക്കേണ്ടതുണ്ട്. രാമക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയവരെ ആദരിക്കുകയും വേണം’, സന്തോഷ് ദുബെ പറഞ്ഞു.
ബാബ്‌രി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍ രാമക്ഷേത്രത്തിനനുകൂലമായി കോടതി വിധി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്ത കര്‍സേവകരില്ലാതെ രാമജന്മഭൂമി പൂജ പൂര്‍ണ്ണമാകില്ലെന്നും ദുബെ പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് ബാബ്‌രി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ക്കുന്നത്. ബി.ജെ.പി നേതാക്കളായ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമായിരുന്നു ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നതിലെ ആസൂത്രകര്‍.
കേസില്‍ മൊഴിയെടുക്കല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക