| Tuesday, 20th August 2019, 5:20 pm

അടിവസ്ത്രം വാങ്ങാന്‍ മാത്രമല്ല അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാനും ആളുകള്‍ തയ്യാറാവുന്നില്ല; പുറത്ത് വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആളുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതിനാല്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം വന്‍പ്രതിസന്ധിയിലാണ് എന്ന വാര്‍ത്തകളാണ് ആദ്യം വന്നത്. ഈയാഴ്ചയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികള്‍ അടച്ചിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

അശോക് ലെയ്ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികളാണ് തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചത്. വാഹനനിര്‍മ്മാണ മേഖലയില്‍ താല്‍ക്കാലിക ജീവനക്കാരെ വന്‍കിട കമ്പനികളടക്കം കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

ഈ വാര്‍ത്തകള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ത്യയിലെ അടിവസ്ത്ര വിപണിയും പ്രതിസന്ധിയിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രധാന ബ്രാന്‍ഡുകളുടെയെല്ലാം വില്‍പ്പന കുറഞ്ഞുവെന്ന് അവര്‍ പുറത്ത് വിട്ട കണക്കുകള്‍ പറഞ്ഞു. ആളുകള്‍ അടിവസ്ത്രം വാങ്ങുന്ന ഇടവേളകള്‍ നീട്ടുന്നു എന്നാണ് കമ്പനികള്‍ ഇതിന് കാരണമായി പറഞ്ഞത്.

ഇപ്പോഴിതാ അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും വാങ്ങാന്‍ മടി കാണിക്കുന്നു എന്ന് ബ്രിട്ടാനിയ പറയുന്നു. ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രിട്ടാനിയ പുറത്ത് വിട്ടപ്പോള്‍ നേരത്തെയുള്ള പാദങ്ങളെക്കാള്‍ വില്‍പ്പന വളരെ താഴ്ന്നു.

ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ ഒരു സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നു. ഇത് തീര്‍ച്ചയായും കാണിക്കുന്നത് നമ്മുടെ സാമ്പത്തികവ്യവസ്ഥയില്‍ ഗൗരവമായ എന്തോ പ്രശ്‌നം ഉണ്ടെന്നാണ്- ബ്രിട്ടാനിയ മാനേജ്‌മെന്റ് പ്രതികരിച്ചു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ വരുന്ന കണക്കുകള്‍. ഇതിനെ മറികടക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍ക്ക് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റം വരുത്തി കോര്‍പ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 400 കോടിക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുളള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം

‘അടച്ചൂപൂട്ടേണ്ടി വരും, തൊഴിലും പോവും’; കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ യാചിച്ച് പത്രപരസ്യം നല്‍കി തുണി മില്ലുടമകള്‍

രാജ്യത്തെ വ്യവസായ മേഖലകളില്‍ നിന്ന് ദിനേന പ്രതിസന്ധികളുടെ വാര്‍ത്ത മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി ഇപ്പോള്‍ അടിവസ്ത്ര വ്യവസായം, ബിസ്‌ക്കറ്റ് വ്യവസായം എന്നിവ പിന്നിട്ട് തുണി വ്യവസായത്തെയും ബാധിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ തുണി വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണെന്നും മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യാചിച്ച് വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ ഇന്ന് പത്ര പരസ്യം നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് പരസ്യം നല്‍കിയത്.

വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അത് തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു.

10 കോടിയോളം പേര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇതെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇടപെട്ട് തൊഴില്‍ നഷ്ടം സംഭവിക്കാതെ നോക്കാനും നിഷ്‌ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more