13 കോടി രൂപ നഷ്ടമായെന്ന് ആരോപണം; മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം
Kerala News
13 കോടി രൂപ നഷ്ടമായെന്ന് ആരോപണം; മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st October 2023, 12:47 pm

തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫയർ കോപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരാണ് ശാസ്തമംഗലത്തെ മുൻമന്ത്രിയുടെ വീടിന് മുമ്പിൽ പ്രതിഷേധിക്കുന്നത്. ശിവകുമാറിന്റെ ബിനാമിയുടെ ബാങ്ക് 300 നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം.

വി.എസ്. ശിവകുമാർ നിക്ഷേപകരുമായി സംസാരിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് വീട്ടിനകത്തേക്ക് പോകുകയും മ്യൂസിയം പൊലീസെത്തി പ്രതിഷേധക്കാരെ പുറത്താക്കി വീടിന്റെ ഗേറ്റ് അടക്കുകയും ചെയ്തു.

തനിക്ക് ബാങ്കുമായി ബന്ധമില്ല എന്നാണ് ശിവകുമാർ പറയുന്നത്. എന്നാൽ ബാങ്കിന്റെ പ്രസിഡന്റ്‌ ശാന്തിവിള രാജേന്ദ്രൻ, ശിവകുമാറിന്റെ ബിനാമിയാണ് എന്നും 2002ൽ സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തിയത് ശിവകുമാർ ആണെന്നുമാണ് നിക്ഷേപകർ അറിയിക്കുന്നത്.

‘ഈ ബാങ്കിന്റെ ഉദ്ഘാടകൻ ശിവകുമാർ ആയിരുന്നു. അവിടെ വന്നിട്ടുള്ള പലരുടെയടുത്തും ഇത് നമ്മുടെ ബാങ്കാണ്, നമ്മുടെ പാർട്ടിയുടെ ബാങ്കാണ്. അതുകൊണ്ട് നിങ്ങളുടെയും നിങ്ങളിഷ്ടപ്പെടുന്ന ആൾക്കാരുടെയും പണം ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കണം എന്ന് പറഞ്ഞ് പ്രേരിപ്പിച്ചിട്ടുണ്ട്.

പക്ഷേ റെക്കോഡുകളിൽ സാർ ഒന്നിലുമില്ല. അതാണല്ലോ ബുദ്ധിയുള്ളവരുടെ കഴിവ്,’ പരാതിക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ലക്ഷം രൂപ മുതൽ മുകളിലോട്ടാണ് ഓരോ നിക്ഷേപകർക്കും നഷ്ടമായത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഒന്നര വർഷമായി പണം തരാമെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ പറ്റിക്കുകയായിരുന്നു എന്നും നിക്ഷേപകർ പറഞ്ഞു.

രണ്ട് മാസം മുമ്പ് പരിഹാരം കാണാമെന്ന് ശിവകുമാർ അനുനയിപ്പിച്ചു വിട്ടുവെന്നും അതിനെ തുടർന്ന് ഇന്ന് അദ്ദേഹവുമായി സംസാരിച്ചപ്പോൾ കൈമാലർത്തിയെന്നും പരാതിക്കാർ ആരോപിച്ചു. ഇതിനെ തുടർന്നാണ് തങ്ങളുടെ പണം തിരികെ കിട്ടുന്നത് വരെ വസതിക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്ന് നിക്ഷേപകർ തീരുമാനിച്ചത്.

പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഭവസ്ഥലത്തെത്തിയിരുന്നു

Content Highlight: Investors protest infront of former minister VS Shivakumar’s residence