നിക്ഷേപകർക്ക് ഹമാസ് ആക്രമണത്തെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടാകണം; ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭം ഉണ്ടാക്കിയതായി യു.എസ് ഗവേഷണം
തെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിക്കുമെന്ന് ചില വ്യവസായികൾക്ക് വിവരം ലഭിച്ചിട്ടുണ്ടാകാമെന്നും ഇസ്രഈലി ഓഹരികളുടെ ഷോർട്ട് സെല്ലിങ് (ഓഹരി വിലയുടെ ഇടിവ് മുതലെടുത്ത് വ്യാപാരം നടത്തുന്ന നിക്ഷേപ തന്ത്രം) വ്യാപാരത്തിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ സമ്പാദിക്കാൻ ഈ വിവരം ഉപയോഗപ്പെടുത്തിയെന്നും യു.എസ് ഗവേഷണ പഠനം.
ഇസ്രഈലി കമ്പനികളിലെ എക്സ്ചേഞ്ച് ഫണ്ടുകളുടെ വ്യാപാരം, തെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ടി.എ.എസ്.ഇ) ഷോർട് സെല്ലിങ് പ്രവർത്തനം, യു.എസ് എക്സ്ചേഞ്ചുകളിലെ ഇസ്രഈലി സ്ഥാപനങ്ങളുടെ വ്യാപാരം എന്നിവ വിലയിരുത്തിയാണ് ന്യൂയോർക്ക് സർവകലാശാലയിലെ റോബർട്ട് ജാക്സൺ ജൂനിയറും കൊളംബിയ സർവ്വകലാശാലയിലെ ജോഷ്വാ മിറ്റ്സും പഠനം നടത്തിയത്.
വില ഇടിവിന് സാധ്യതയുള്ള വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കുന്ന വ്യാപാര രീതിയാണ് ഷോർട് സെല്ലിങ്. വിൽപ്പനക്കാരൻ ഒരു സെക്യൂരിറ്റി നിക്ഷേപം പിന്നീട് കുറഞ്ഞ വിലയ്ക്ക് തിരിച്ചു വാങ്ങാം എന്ന ലക്ഷ്യത്തോടെ വിപണിയിൽ വിൽക്കുകയും ലാഭം നേടുകയും ചെയ്യുന്നു.
നിലവിലെ ഇസ്രായേൽ ഹമാസ് യുദ്ധത്തിന് കാരണമായ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പ് വലിയ രീതിയിൽ ഷോർട് സെല്ലിങ് നടന്നതായി ഗവേഷകർ കണ്ടെത്തി.
ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുള്ള ഡാറ്റ പ്രകാരം ഒക്ടോബർ രണ്ടിന് ഇസ്രയേൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലെ (ഇ.ടി.എഫ്) വിൽപ്പന കുത്തനെ വർധിച്ചതായി ഗവേഷകർ പറയുന്നു.