നിലവിലെ സാഹചര്യമനുസരിച്ച് യു.എസ്, യു.കെ, ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് ചെങ്കടലില്‍ ഭീഷണിയുള്ളതിനാലാണ് ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നിക്ഷേപകരായ ഏതാനും കമ്പനികള്‍ ഈ മൂന്ന് രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്ന കപ്പലുകള്‍ക്ക് 50 ശതമാനത്തിലേക്ക് ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ചില സ്രോതസുകള്‍ അറിയിച്ചതായി റോയിട്ടേഴ്സ് വ്യക്തമാക്കി.
മറ്റ് കപ്പലുകളെ അപേക്ഷിച്ച് യു.എസ് ബ്രിട്ടന്‍, ഇസ്രഈല്‍ എന്നിവരുമായി ബന്ധമുള്ള കപ്പലുകള്‍ 25-50 ശതമാനം ഇന്‍ഷുറന്‍സ് അടയ്ക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ മക്ഗില്‍ ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഹള്‍ ആന്‍ഡ് മറൈന്‍ ലയബിലിറ്റി മേധാവി ഡേവിഡ് സ്മിത്ത് പറഞ്ഞു. ഇത് കപ്പലുകളുടെ യുദ്ധസാധ്യത പ്രീമിയമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കപ്പലുകളുടെ ഇന്‍ഷുറന്‍സ് പേയ്‌മെന്റ് 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മറ്റ് രണ്ട് നിക്ഷേപ സ്രോതസുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടി.
ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങള്‍ യൂറോപ്പും പശ്ചിമേഷ്യയും തമ്മിലുളള വ്യാപാര ബന്ധത്തില്‍ വന്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണ് നിക്ഷേപകരുടെ പുതിയ തീരുമാനം.
ചെങ്കടല്‍ വഴി കടന്നുപോവുന്നത് നാശനഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഏതാനും രാജ്യങ്ങള്‍ അവരുടെ വാണിജ്യ കപ്പലുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം ചെങ്കടലില്‍ നിന്ന് തങ്ങളുടെ കപ്പലുകള്‍ വഴിതിരിച്ചുവിടുകയാണെന്ന് ഇസ്രഈലി കണ്ടെയ്നര്‍ ലൈന്‍ സിം പറഞ്ഞു.
റഷ്യയും ചൈനയും ഇറാനോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതര്‍ ഈ രാജ്യങ്ങളുടെ മാര്‍ക്കുകളോ പതാകകളോ ഉള്ള കപ്പലുകളെ ആക്രമിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Highlight: investors increase insurance of US, UK, Israel ships up to 50%