|

നിക്ഷേപ തട്ടിപ്പ്‌കേസ്; എം.സി കമറുദ്ദീനെ മുസ്‌ലീം ലീഗ് കൈവിടുന്നു; ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്ന് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി.കമറുദ്ദീനെ മുസ്‌ലീം ലീഗ് നേതൃത്വം കൈവിടുന്നു. ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണിത്.

ജ്വല്ലറിയുടെ ആസ്തികളില്‍ ഭൂരിഭാഗവും ഇതിനകം വിറ്റിരിക്കുകയാണ്. ഇതിനോടകം കണ്ണൂരും കാസര്‍കോട്ടും ബെംഗളൂരുവിലുമുള്ള ആസ്തികള്‍ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ കമറുദ്ദീന്‍ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ ആറുമാസത്തെ സമയമാണ് കമറുദ്ദീനു ലീഗ് നേതൃത്വം അനുവദിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല.

നിക്ഷേപമായി വാങ്ങിയ 10 കോടി രൂപയ്ക്ക് എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ബെംഗളൂരുവില്‍ ഇലക്ട്രാണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരുഭാഗം വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം തൊണ്ണൂറ്റിയഞ്ചായി.കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്.

മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്.

ഇതിനിടെ ജ്വല്ലറി തട്ടിപ്പില്‍ വഞ്ചനാക്കേസ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Investment fraud case; Muslim League abandons MC Kamaruddin; Suggestion to take responsibility alone